തൃശൂർ മെഡിക്കൽ കോളജ് : കെ.എം.എസ്.സി.എല്ലിന് 25 കോടിയോളം നൽകിയിട്ടും ഉപകരണങ്ങൾ ലഭിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : കേരളാ മെഡിക്കൽ സർവീസസ് കോർപറേഷന് (കെ.എം.എസ്.സി.എൽ) 25 കോടിയോളം രൂപ മുൻകൂറായി നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമായില്ലെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. 2014 മുതൽ തൃശൂർ മെഡിക്കൽ കോളജിലെ 80 ഇനം മെഡിക്കൽ ഉപകരണങ്ങൾ 24,94,17,283 രൂപയ്ക്കാണ് വാങ്ങാനുള്ളത്. ഇത് വളരെ ഗുരുതരമായ വിഷയമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.

തുക കൈമാറിയിട്ടും കെ.എം.എസ്.സി.എല്ലിൽ നിന്നും ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി ഉദ്യോഗസ്ഥത ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വർഷങ്ങളോളമായി ഉപകരണങ്ങൾ ലഭ്യമാകാതിരുന്നിട്ടും ആശുപത്രിയുടെ പ്രവർത്തനം ഭംഗിയായി നടക്കുന്നതിലും ദുരൂഹതയുണ്ട്. പണം നൽകി ആവശ്യപ്പെട്ടിട്ടുള്ള പല ഉപകരണങ്ങളും മെഡിക്കൽ കോളജിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമില്ലാത്തവയാണോയെന്ന സംശയവും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

അതിനാൽ സപ്ലൈ ഓർഡർ നൽകിയിട്ടുള്ള ഉപകരണങ്ങൾ ആശുപത്രിയെ സംബന്ധിച്ച് അത്യാവശ്യമായിരുന്നോ എന്ന കാര്യം ഭരണവകുപ്പ് ഡി.എം.ഇ വഴി അടിയന്തരമായി അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത ഉപകരണങ്ങൾ വാങ്ങുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്നും വിശദീകരണം വാങ്ങണം. ഇക്കാര്യങ്ങൾ പരിശോധിച്ച് സർക്കാരിനുണ്ടായ നഷ്ടം ഈടാക്കേണ്ടതും ഉചിതമായ അച്ചടക്കനടപടികൾ ഭരണവകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

അതേസമയം, അന്വേഷണത്തിൽ അത്യാവശ്യമാണെന്ന് വ്യക്തമായാൽ കെ.എം.എസ്.സി.എല്ലിൽ നിന്നും നാളിതുവരെ ലഭിച്ചിട്ടില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള അടിയന്തരനടപടികൾ സ്വീകരിക്കണം. ഭാവിയിൽ മെഡിക്കൽ കോളജിലെ പർച്ചേസുമായി ബന്ധപ്പെട്ട സെക്ഷൻ കെ.എം.എസ്.സി.എല്ലുമായി ഏകോപിച്ച് കാര്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കെ.എം.എസ്.സി.എൽ വഴി വാങ്ങിയിട്ടുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നും ടെക്നിക്കൽ സ്പെസിഫിക്കേഷനോടുകൂടി ഉള്ളവയാണോ എന്നും പരിശോധിച്ച് വിലയിരുത്തുന്നതിനായി നിലവിൽ മെഡിക്കൽ കോളജിൽ യാതൊരു സംവിധാനവുമില്ല. ഫാറൻസിക് വിഭാഗം അടക്കമുളള ഡിപ്പാർട്ട്മെന്റുകളിൽ െമഡിക്കൽ ഉപകരണൾ കെ.എം.എസ്.സി.എൽ വഴി വാങ്ങുന്നത്. എന്നാൽ ആവശ്യപ്പെട്ട ഉപകരണങ്ങളുടെ നാലിെലാന്ന് പോലും ലഭിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.


Tags:    
News Summary - Thrissur Medical College: KMSCL paid 25 crores but did not receive equipment, reports say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.