എസ്.പി ഐശ്വര്യ ഡോങ്റെ, കൊല്ലപ്പെട്ട സഹർ 

തൃശൂരിലെ സദാചാരക്കൊല: എട്ട് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്, ഒരു പ്രതി വിദേശത്തേക്ക് കടന്നു

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായി ബസ് ഡ്രൈവർ ചേർപ്പ് സ്വദേശി സഹർ (32) മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ എട്ട് പ്രതികളാണുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. രാഹുൽ എന്ന പ്രതി വിദേശത്തേക്ക് കടന്നു. ഇരിങ്ങാലക്കുട റൂറൽ എസ്.പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് എസ്.പി പറഞ്ഞു.

ഫെബ്രുവരി 18ന് അർധരാത്രി ശിവരാത്രിയിൽ ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ക്രൂരമായ മർദനമുണ്ടായത്. തൃശൂർ - തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നത്. രാത്രി 12ന് തങ്ങളുടെ പ്രദേശത്ത് യുവാവിനെ കണ്ടത് ആറംഗ സംഘം ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയായിരുന്നു. പുലർച്ച വരെ മർദനം തുടർന്നു.

പുലർച്ചയോടെ സഹർ വീട്ടിലെത്തി കിടന്നെങ്കിലും കടുത്ത വേദനയെ തുടർന്ന് കരച്ചിലായി. ഇതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽനിന്നും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ജീവൻ നഷ്ടമാകുകയായിരുന്നു.

മർദനം നടന്ന ആഴ്ചകൾ പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. സഹർ മരിച്ചതോടെയാണ് കേസിന് വീണ്ടും അനക്കമുണ്ടായിരിക്കുന്നത്. പൊലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടായതായി വിമർശനമുണ്ട്.

Tags:    
News Summary - thrissur moral policing murder case look out notice for eight accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.