തൃശൂർ: ‘നിയന്ത്രണം വിട്ട’ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകനും കൂട്ടരും അക്ഷരാർഥത്തിൽ തൃശൂർ പൂരത്തിന്റെ ശോഭ കെടുത്തി. പൊലീസിന്റെ നിലവിട്ട ഇടപെടലുകൾ മണിക്കൂറുകളോളം പൂരം സംഘാടകരെയും ആസ്വാദകരെയും മുൾമുനയിൽ നിർത്തി. വലിയ സംഘർഷത്തിലേക്ക് നീങ്ങാവുന്ന സാഹചര്യം ഒടുവിൽ ഒഴിവായത് രാഷ്ട്രീയ നേതാക്കളും ജില്ല ഭരണകൂടവും ഇടപെട്ടതോടെയാണ്. അതിനകം, പൂരചരിത്രത്തിന് മായാത്ത കളങ്കം ചാർത്തിക്കഴിഞ്ഞിരുന്നു.
ചരിത്രത്തിലാദ്യമായി ഏഴു മണിക്കൂറോളം തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചു. ഒടുവിൽ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ, തൃശൂരിലെ സ്ഥാനാർഥികളായ വി.എസ്. സുനിൽ കുമാർ, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നപരിഹാരമായതും പുലർച്ച മൂന്നിനുള്ള വെടിക്കെട്ട് നടത്താൻ സാധിച്ചതും.
ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവമ്പാടി വിഭാഗവുമായി പൂരം ദിവസമായ വെള്ളിയാഴ്ച മുതൽ പൊലീസിന്റെ ‘ഗുസ്തി’ തുടങ്ങിയിരുന്നു. രാത്രി മഠത്തിൽ വരവ്, പഞ്ചവാദ്യം തുടങ്ങി പാണ്ടി സമൂഹമഠം വഴിയിൽ ഒന്നര മണിക്കൂറോളം കൊട്ടിയ ശേഷം സ്വരാജ് റൗണ്ടിലേക്ക് കയറുമ്പോഴാണ് പൊലീസ് ‘കളി’ തുടങ്ങിയത്. പൂരം റൗണ്ടിലേക്ക് കയറിയതോടെ സ്വരാജ് റൗണ്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ഇതിനെതിരെ തിരുവമ്പാടി വിഭാഗം രംഗത്തുവന്നതോടെ ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ വക്കേറ്റമുണ്ടായി. ഇതിനിടെ പൊലീസ് ലാത്തി വീശിയതോടെ കാര്യങ്ങൾ കൈവിടുന്ന സാഹചര്യമായി.
പൊലീസിന്റെ അമിതാവേശത്തിന്റെ സൂചനകൾ കിട്ടിയതോടെ പൂരം ആസ്വാദകർ പ്രതിഷേധം തുടങ്ങി. ചിലർ ബാരിക്കേഡ് തകർത്ത് സ്വരാജ് റൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് വീണ്ടും ലാത്തി വീശി. ഇതോടെ നടുവിലാലിന് സമീപം എം.ജി റോഡിൽ നിന്നവർ ചിതറിയോടി. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങി. ഇതോടെ പൂരം നിർത്തിവെക്കാനും ഉപചാരം ചടങ്ങ് നടത്തി പിരിയാനും തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു.
ഇതിനിടെ കലക്ടർ വി.ആർ. കൃഷ്ണ തേജ സ്ഥലത്തെത്തി തിരുവമ്പാടി ദേവസ്വത്തെയും റേഞ്ച് ഐ.ജി അജിത ബീഗം, കമീഷണർ അങ്കിത് അശോകൻ എന്നിവരെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് തിരുവമ്പാടി വിഭാഗം തയാറായില്ല.
പ്രശ്നം വഷളാക്കിയത് പൊലീസാണെന്നും നടപടി വേണമെന്നും ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിനിടെ മന്ത്രി കെ. രാജനും എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറും സ്ഥലത്തെത്തി ചർച്ച ആരംഭിച്ചു.
തിരുവമ്പാടി വിഭാഗം പൊലീസിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. നാലോടെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയും എത്തി. തങ്ങളെടുത്ത നിലപാട് ശരിയാണെന്ന് പൊലീസ് വാദിച്ചതോടെ മന്ത്രി കെ. രാജനും കലക്ടറും ഉൾപ്പെടെയുള്ളവർ പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
മന്ത്രിയും കലക്ടറും നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ പൂരം ചടങ്ങുകളുമായി മുന്നോട്ട് പോകാമെന്ന് തിരുവമ്പാടി വിഭാഗം സമ്മതിച്ചതോടെയാണ് എല്ലാവർക്കും ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.