തിരുവനന്തപുരം: തൃശൂർപൂരം കലക്കലിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഫയലിൽ ഒതുങ്ങുന്നു. അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും അന്വേഷണസംഘത്തെപ്പോലും നിയോഗിച്ച് ഉത്തരവിറങ്ങിയില്ല. പ്രത്യേക സംഘത്തിലെ അംഗങ്ങളെ നിയമിക്കുന്നതിലുള്ള സർക്കാർ തലത്തിലെ ആശയക്കുഴപ്പങ്ങളാണ് ഉത്തരവ് നീളാൻ കാരണമെന്നാണ് വിവരം.
പൂരം കലക്കലിൽ ഈമാസം മൂന്നിനാണ് മന്ത്രിസഭ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം അട്ടിമറിയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും എ.ഡി.ജി.പിയുടെ വീഴ്ച ഡി.ജി.പിയും മറ്റു വകുപ്പുകളുടെ വീഴ്ച ഇന്റലിജൻസ് മേധാവിയുമാണ് അന്വേഷിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശ പ്രകാരം പൂരം കലക്കലിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേസെടുത്ത് ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് പ്രഖ്യാപിച്ചത്. അഞ്ചിന് പ്രത്യേക സംഘത്തെ നിയോഗിച്ച് അറിയിക്കാനായി ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. ഡി.ജി.പിയോടാണ് ശിപാർശ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങിയില്ല.
ചില ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക താൽപര്യമെടുക്കുന്നുണ്ടാണ് വിവരം. ഇതിൽ അന്തിമ തീരുമാനമാകാത്തതാണ് അന്വേഷണ സംഘത്തെ നിശ്ചയിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നത്.
അതേസമയം, കേസെടുത്ത് അന്വേഷണം നടത്താനുള്ള തീരുമാനത്തിലും ആശയക്കുഴപ്പം തുടരുകയാണ്. കേസെടുത്ത് അന്വേഷണം നടത്തണമെങ്കിൽ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചന തെളിയിക്കുന്ന വ്യക്തമായ റിപ്പോർട്ട് സർക്കാറിന് മുന്നിൽ വേണം.
എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിലെ ചില വ്യക്തികളെ സംശയിക്കുന്ന ചില സൂചനകള്‍ മാത്രമാണുള്ളത്. അതിൽ ഒരു കേസെടുക്കാൻ കഴിയുമോയെന്നാണ് ആശയക്കുഴപ്പം. ഇതിൽ നിയമോപദേശം ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് തേടിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ കേസെടുക്കാനായില്ലെങ്കിൽ പ്രത്യേക സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചാകും കേസെടുക്കുക. ഇതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വഴിപാടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.