തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സി.പി.ഐ ആവർത്തിക്കുന്നതിനിടെ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മയപ്പെടുത്തൽ മുന്നണിയിലും സംസ്ഥാന രാഷ്ട്രീയത്തിലും വീണ്ടും വെടിക്കെട്ടിന് തീ കൊളുത്തുന്നു. ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച മുതൽ പൂരദിവസം സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചതും അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം വൈകിയതിലുമടക്കം സർക്കാർ പ്രതിരോധത്തിൽ തുടരുമ്പോഴാണ് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇതേ വിഷയങ്ങളിലേക്ക് ചർച്ചകൾ തിരികെയെത്തുന്നത്.
മുഖ്യമന്ത്രിയുടെ നിലപാടിനെ പരോക്ഷമായി തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. തൃശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും അങ്ങനെ നടക്കാൻ ചിലർ സമ്മതിച്ചില്ലെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ബിനോയ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് ഇതല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ‘പറയേണ്ട കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞുകഴിഞ്ഞു’വെന്ന മറുപടിയിലൂടെ അതൃപ്തി വെളിപ്പെടുത്തുകയും ചെയ്തു. കൂടുതൽ പ്രതികരണത്തിന് തൃശൂർ ജില്ല കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പാർട്ടി സെൻററിൽ നിന്നുള്ള വിവരം. എ.ഡി.ജി.പിയെ ചുമതലയിൽനിന്ന് നീക്കിയത് തങ്ങളുടെ കർക്കശ നിലപാടിനുള്ള അംഗീകാരമായി സി.പി.ഐ ആശ്വസിക്കുന്നതിനിടെയാണ് പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ മയപ്പെടൽ.
നിയമസഭയയിൽ വിഷയം അടിയന്തര പ്രമേയമായി ചർച്ചചെയ്യാൻ സർക്കാർ സന്നദ്ധമായെങ്കിലും ഭരണമുന്നണിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം പ്രകടമായിരുന്നു. പൂരം കലക്കിയത് തന്നെയെന്ന് മന്ത്രി കെ. രാജൻ അടിവരയിട്ടപ്പോൾ കലങ്ങിയിട്ടില്ലെന്ന സമീപനമായിരുന്നു ഒപ്പമിരുന്ന സി.പി.എം അംഗങ്ങൾക്ക്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകിയത് മാത്രമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പുതിയ വാദത്തിൽ ചോദ്യം ഉയർത്തുകയാണ് പ്രതിപക്ഷം. കലങ്ങിയിട്ടില്ലെങ്കിൽ പിന്നെയെന്തിനാണ് സർക്കാർ വക ത്രിതല അന്വേഷണമെന്നാണ് ചോദ്യം. പൂരം കലക്കിയെന്ന് സമ്മതിച്ചാൽ നിരവധി ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം പറയണമെന്നതാണ് സി.പി.എമ്മിനെ കുഴക്കുന്നത്. സി.പി.ഐ പറയുന്നത് പോലെ ആർ.എസ്.എസ് ഇടപെടലിലാണ് പൂരം അലങ്കോലപ്പെട്ടതെങ്കിൽ അഞ്ചുമാസമായിട്ടും ഒരു എഫ്.ഐ.ആർ പോലും ഇടാത്തതെന്തെന്ന ചോദ്യമുയരും. എ.ഡി.ജി.പിക്ക് മുഖ്യമന്ത്രി നൽകിയ രാഷ്ട്രീയ ദൗത്യമാണ് കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.