തിരൂർ: ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന തുഞ്ചത്ത് ജ്വല്ലേഴ്സ് ഉടമ പിടിയിൽ. ഒഴൂർ ഓണക്കാട് മുതിയേരി ജയചന്ദ്രനെയാണ് (32) തിരൂർ സി.ഐ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയതിനിടെ വേഷം മാറിയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. എടപ്പാൾ, തിരൂർ, കണ്ണൂർ എന്നിവിടങ്ങളിലായുള്ള ജ്വല്ലറിയുടെ പേരിൽ സ്വീകരിച്ച കോടികളുടെ നിക്ഷേപം തിരിച്ചുനൽകാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇയാൾ ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്നു.
നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് ബംഗളൂരുവിൽ 26 മുറികളുള്ള മൂന്നു നില കെട്ടിടം അഞ്ച് കോടി രൂപക്കും ജ്വല്ലറി തുടങ്ങാൻ മറ്റൊരു ഭൂമി രണ്ട് കോടിക്കും തിരൂരിൽ ജ്വല്ലറിക്ക് സമീപം 28 സെൻറ് സ്ഥലം ഏഴര കോടിക്കും താനൂരിൽ 1.64 ഏക്കർ ഭൂമി രണ്ട് കോടിക്കും വാങ്ങിയെന്ന് ജയചന്ദ്രൻ മൊഴി നൽകിയതായി സി.ഐ എം.കെ. ഷാജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒഴൂരിൽ ഒന്നേമുക്കാൽ കോടിക്ക് 14 സെൻറ് വാങ്ങി രണ്ട് വീടും നിർമിച്ചു.
താനൂരിലെ ഭൂമി ഇയാൾക്കൊപ്പമുള്ള 14 ഡയറക്ടർമാർക്ക് തുല്യമായി വീതിച്ച് നൽകിയതായും തിരൂരിലെ ഭൂമി പകുതി വിൽപന നടത്തിയതായും ജയചന്ദ്രൻ പറഞ്ഞു. താനുൾെപ്പടെ 14 ഡയറക്ടർമാരാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് അറിയിച്ചത്. നിക്ഷേപം തിരിച്ചുനൽകാനായി ഭൂമി വിൽപന നടത്തിയിരുന്നു. ഇതിനായി ചുമതലപ്പെടുത്തിയയാൾ തന്നെ കബളിപ്പിച്ച് പണം തട്ടിയതായി വെളിപ്പെടുത്തി. ഇതേക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സി.ഐ അറിയിച്ചു.
എസ്.ഐമാരായ സുമേഷ് സുധാകർ, പുഷ്പാകരൻ, എ.എസ്.ഐമാരായ കെ. പ്രമോദ്, സി.പി. ഇക്ബാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 65 ലക്ഷം രൂപ മുതൽ മുടക്കി 2012ലായിരുന്നു സ്ഥാപനം തുടങ്ങിയത്. തനിച്ചായിരുന്നു തുടക്കം. പിന്നീട് 13 പേരെ ഡയറക്ടർമാരാക്കി. ജയചന്ദ്രൻ ഭൂമിയും ആസ്തികളും വാങ്ങിയിരുന്നത് സ്വന്തം പേരിലാണ്. ഏതാനും പേർക്ക് തുക തിരിച്ച് നൽകിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് 4000ത്തിലേറെ പരാതികൾ ലഭിച്ചു. നേരത്തെ മറ്റൊരു ഡയറക്ടർ എടപ്പാൾ സ്വദേശി ഹരിദേവനെ അറസ്റ്റ് ചെയ്തിരുന്നു. ജയചന്ദ്രെൻറ സ്ഥലം കണ്ടുകെട്ടാൻ നടപടിയെടുക്കും.
തുഞ്ചത്ത് ജ്വല്ലേഴ്സ്: നിക്ഷേപകർക്ക് നാട്ടിൽ പരാതി നൽകാം
തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപത്തട്ടിപ്പിലെ ഇരകൾക്ക് അവരുടെ പരിധിയിലുള്ള സ്റ്റേഷനുകളിൽ പരാതി നൽകാൻ സൗകര്യം ഒരുക്കുന്നു. നിലവിൽ തിരൂർ സ്റ്റേഷനിൽ മാത്രമാണ് പരാതികൾ സ്വീകരിക്കുന്നത്. അതിനാൽ, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ നിന്നുവരെ ആളുകൾ തിരൂരിലെത്തേണ്ടി വരുന്നു. ഇനി പരാതികളും അനുബന്ധ രേഖകളും നാട്ടിലെ സ്റ്റേഷനിൽ നൽകാം. ലഭിക്കുന്ന പരാതികൾ ക്രോഡീകരിക്കാൻ നടപടിയെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.