ചെങ്ങന്നൂർ: എൻ.ഡി.എ മുന്നണിയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ബി.ജെ.പിയുമായി നിസ്സഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. എന്നാൽ, മുന്നണി വിട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനങ്ങൾക്ക് വേണ്ടിയല്ല നിസ്സഹകരിക്കുന്നത്. മുന്നണിക്കുള്ളിൽ ചില പ്രശ്നങ്ങളുണ്ട്. സംസ്ഥാന തലത്തിൽ മാത്രം എൻ.ഡി.എ സംവിധാനം പോര. പഞ്ചായത്ത് തലത്തിലും താഴേക്കും വേണം. അതിപ്പോഴില്ല. യു.പിയിൽനിന്ന് തനിക്ക് എം.പി സ്ഥാനം നൽകുമെന്ന വാർത്ത പ്രചരിപ്പിച്ചതിനെപ്പറ്റിയും അന്വേഷണം വേണം. ഒരിക്കലും എം.പിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബി.ജെ.പിക്കുള്ളിലെ ചിലരാണ് ഇത്തരം വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ.
സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഒരിക്കലും കുറ്റം പറയില്ല. അവർക്ക് ദേശീയ നേതൃത്വവുമായി സംസാരിക്കുന്നതിന് ചില പരിമിതികളുണ്ട്. വ്യാജ വാർത്തകളെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്ന് അമിത്ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടകയിലെ തിരക്ക് കഴിഞ്ഞാൽ വിഷയം പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.പത്ത് ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നൽകുന്ന സൂചന.
തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതിനുശേഷം മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുകയുള്ളു. ഘടകകക്ഷികളെ യോജിപ്പിച്ചില്ലെങ്കിൽ മുന്നണിക്ക് അതിേൻറതായ നഷ്ടം ഉണ്ടാകും. ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കളായ അക്കീരമൺ കാളിദാസ ഭട്ടതിരി, ടി.വി. ബാബു, തഴവ സഹദേവൻ, അരയക്കണ്ടി സന്തോഷ്, ഗോപകുമാർ, സംഗീത വിശ്വനാഥ്, അനുരാഗ് പാലക്കാട്, എ. പദ്മകുമാർ, ഉണ്ണികൃഷ്ണൻ ചാലക്കുടി, എ.ജി. തങ്കപ്പൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.