തിരുവനന്തപുരം: യാത്രാസമയം ഏറ്റവും കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനമാണ് കേരളമെന്നും നമ്മുടെ ഗതാഗതസംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച് 40 ശതമാനത്തോളം താഴെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പലകാര്യങ്ങളിലും നാം മുന്നിലാണെങ്കിലും ഈ കാര്യത്തിൽ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭയുടെയും സ്‌മാർട്ട്‌സിറ്റി പദ്ധതിയുടെയും ഭാഗമായി പുറത്തിറക്കുന്ന 60 ഇലക്‌ട്രിക് ബസുകളുടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ രണ്ട് ഹൈബ്രിഡ് ബസുകളുടെയും ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.നൂതനമായ ഗതാഗത സംവിധാനങ്ങൾ ആർക്കാണ് വേണ്ടതെന്ന് ചില കോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്ന കാലംകൂടിയാണിത്.
‘അതിന് എത്രപേരാണ് യാത്ര ചെയ്യുക, എന്തിനാണ് അതിനായി പണം ചെലവഴിക്കുന്നത്’ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്. അവ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാൻ കഴിയുമോ ആ ശ്രമങ്ങളെല്ലാം ഇക്കൂട്ടർ നടത്തുകയാണ്. കുറച്ചുമാസങ്ങൾക്ക് മുമ്പാണ് വന്ദേഭാരത് ട്രെയിൻ കേരളത്തിൽ ഓടിത്തുടങ്ങിയത്. അതിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവർക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. അത്രയും ആളുകൾ വേഗമേറിയ സംവിധാനം ഉപയോഗിക്കുകയാണ്.
ആധുനിക സമൂഹങ്ങൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് വേഗമേറിയ ഗതാഗത സംവിധാനങ്ങൾ. അതോടൊപ്പം ആ ഒരുക്കുന്ന കാര്യങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പുവരുത്തുകയും വേണം. കേരളം അതിവേഗം നഗരവത്കരിക്കപ്പെടുകയാണ്. നവകേരള നഗരനയം നടപ്പാക്കുന്നതിനായി കമീഷൻ രൂപവത്കരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായുള്ള മാസ്‌റ്റർ പ്ലാൻ തയാറാക്കുന്നതിന് അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയരായവരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.