പുൽപള്ളി: താന്നിതെരുവിൽ കടുവ പശുക്കിടാവിനെ കൊന്നു. താന്നിതെരുവ് താഴെത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച പുലർച്ച 4.30ഓടെയാണ് തൊഴുത്തിന്റെ പിൻഭാഗത്ത് കെട്ടിയ പശുക്കിടാവിനെ കൊന്നത്.
തൊഴുത്തിൽ പശുവിനെ കറന്നുകൊണ്ടിരിക്കുന്നതിനിടെ മകൻ എൽദോസും ഭാര്യ മേഴ്സിയും തൊഴുത്തിന് പിന്നിൽനിന്ന് അലർച്ച കേട്ട് നോക്കിയപ്പോഴാണ് പശുക്കിടാവിനെ കൊന്നനിലയിൽ കണ്ടെത്തിയത്.
ഒച്ചവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേയ്ക്ക് കടുവ ഓടിമറഞ്ഞു. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി. കാൽപാടുകൾ പരിശോധിച്ചപ്പോൾ കടുവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മേഖലയിൽ കടുവ ശല്യം രൂക്ഷമാണ്. ജനവാസമേഖലയാണ് ഇവിടം.
പുൽപള്ളി പഴശ്ശിരാജ കോളജും മറ്റ് വിദ്യാലയങ്ങളും പ്രദേശത്തുണ്ട്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വൈകീട്ടുവരെ തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.