തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കേസുകളിൽ അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ വിജിലൻസിന് സർക്കാർ സമയപരിധി നിശ്ചയിച്ചു. ഒന്നുമുതൽ 12 മാസം വരെയാണ് അന്വേഷണത്തിനുള്ള സമയപരിധി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആഭ്യന്തരവകുപ്പിന് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു മാസത്തിനകം സർക്കാറിന് റിപ്പോർട്ട് നൽകണം.
ഒരു വ്യക്തിയെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു. അഴിമതി ആരോപണങ്ങളിൽ നടത്തുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം. കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടുന്ന ട്രാപ് കേസുകളിൽ ആറു മാസത്തിനകം കുറ്റപത്രം നൽകണം. അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഒരുവർഷമാണ് അന്വേഷണ സംഘത്തിനുള്ള സമയപരിധി.
ഏതെങ്കിലും സാഹചര്യത്തിൽ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയം നീട്ടിവാങ്ങണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡയറക്ടറുടെ പ്രത്യേക അനുമതി ആവശ്യമാണ്. മറ്റ് കേസുകളിലും 12 മാസമാണ് സമയപരിധി. അഴിമതി ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുകയാണെങ്കിൽ മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. അതേസമയം കോടതി നിർദേശമുണ്ടായാൽ സമയപരിധിയിൽ മാറ്റമുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
ഇതോടെ സർക്കാർ പ്രതിസ്ഥാനത്ത് നിൽക്കുന്ന ലൈഫ് മിഷൻ കോഴക്കേസിലും എ.ഐ കാമറ ഇടപാടിലും മുട്ടിൽ മരം മുറിയിലും പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ പ്രാഥമികാന്വേഷണത്തിലും മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുമെന്നാണ് വിവരം.
വിജിലൻസ് റിപ്പോർട്ട് നൽകാൻ വൈകുന്നതിനെതുടർന്ന് കൈക്കൂലി കേസുകളില്‍ അടക്കം കുടുങ്ങുന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്നത് പതിവാണ്. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചതോടെ കുറ്റപത്രം വൈകുന്നതുമൂലം പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതടക്കമുള്ള വീഴ്ചകൾ ഒഴിവാക്കാൻ കഴിയുമെന്നും ആഭ്യന്തരവകുപ്പ് കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.