കണ്ണൂർ: കണ്ണൂരിൽ എവിടെയോ അയാൾ ഉണ്ടാകാം. അല്ലെങ്കിൽ അയാളുടെ മക്കൾ. ആ പണം അവർക്ക് എത്തിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ സഹായം തേടുകയാണ് തിരൂർ സ്വദേശി സെയ്തൂട്ടി എന്ന 63കാരൻ.
പ്രവാസജീവിതകാലത്ത് രണ്ടു പതിറ്റാണ്ട് മുമ്പുള്ളതാണ് ഈ കടം. 1998 മുതൽ 2000 വരെ ഷാർജയിലായിരുന്നു സെയ്തൂട്ടി. കാര്യമായ ജോലിയൊന്നും തരപ്പെട്ടില്ല. ഷാർജക്ക് സമീപം ഖിസൈസ് എന്ന സ്ഥലത്ത് ടാക്സി ഡ്രൈവർമാർ സംഗമിച്ചിരുന്നിടത്ത് കടലയും മറ്റും വിറ്റാണ് ഉപജീവനം കഴിഞ്ഞത്.
അന്ന് താമസിച്ചിരുന്ന സ്ഥലത്ത് കണ്ണൂരുകാരനായ ഒരു സലാമുണ്ടായിരുന്നു. ഏതാനും മാസത്തെ മാത്രം പരിചയമുള്ള സലാമിൽനിന്ന് കുറച്ചു പണം കടം വാങ്ങിയാണ് െസയ്തൂട്ടി നാട്ടിൽ വന്നത്. തിരിച്ച് ഷാർജയിലെത്തിയെങ്കിലും വായ്പ വാങ്ങിയ തുക തിരിച്ചുനൽകാനായില്ല. അതിനിടയിൽ സലാം പ്രവാസം മതിയാക്കി മടങ്ങി. 2000ത്തിൽ സെയ്തൂട്ടിയും നാട്ടിലെത്തി. സലാമിെൻറ നാട് കണ്ണൂരിലാണ് എന്ന് മാത്രം അറിയാം. വിലാസമോ മറ്റു വിവരങ്ങളോ ഒന്നുമറിയില്ല. പ്രവാസം മതിയാക്കി മടങ്ങിയ സലാം നാട്ടിൽ ചെങ്കല്ലിെൻറ ഏജൻറായി പ്രവർത്തിച്ചിരുന്നുവെന്ന് മാത്രം അറിയാം.
വായ്പ വാങ്ങിയ പണം തിരിച്ചുനൽകാൻ പലകുറി ആഗ്രഹിച്ചുവെങ്കിലും ആളെ കണ്ടെത്താനാകാതെ കുഴങ്ങി. കടം വീട്ടാനാകാത്തതിെൻറ സങ്കടം പങ്കുവെച്ചപ്പോൾ സുഹൃത്തുക്കളാണ് സാമൂഹികമാധ്യമങ്ങൾ വഴി അന്വേഷിക്കാൻ നിർദേശിച്ചത്. അതേക്കുറിച്ചൊന്നുമറിയാത്ത സെയ്തൂട്ടി ഒടുവിൽ മകൻ ഷിഹാബിെൻറ സഹായത്തോടെയാണ് വോയ്സ്ക്ലിപ് തയാറാക്കി വാട്സ്ആപ്പിലിട്ടത്. അതിപ്പോൾ ഗ്രൂപ്പുകളിൽനിന്ന് ഗ്രൂപ്പുകളിലേക്ക് പടരുകയാണ്. ഒരുപാടുപേർ വിളിക്കുന്നുണ്ടെങ്കിലും ആളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയില്ല. അടുത്ത കാൾ സലാമിേൻറതായിരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സെയ്തൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.