സി.പി.എം നിർദേശം, ടി.കെ. ഹംസ നാളെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമൊഴിയും

മലപ്പുറം: സി.പി.എം നേതാവ് ടി.കെ. ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു. വഖഫ് ബോർഡ് യോ​ഗം ചൊവ്വാഴ്ച കോഴിക്കോട്​ ഓഫിസിൽ ചേരാനിരിക്കെയാണ് രാജി തീരുമാനം. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് ടി.കെ. ഹംസ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനുമായി ഭിന്നത ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയാണ്​ ചെയർമാൻ രാജിവെച്ചൊഴിയുന്നത്​. മന്ത്രിയുടെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച്​ ടി.കെ. ഹംസ നേരത്തെ നേതൃത്വത്തെ സമീപിച്ചി​രുന്നെങ്കിലും പാർട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നുവെന്നാണ്​ സൂചന. മുതിർന്ന നേതാവായ ഹംസക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമ തർക്കം ബോർഡ്​യോഗത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നതായി നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട്​ കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന്​ കാണിച്ച്​ അംഗങ്ങളായ എം.സി. മായിൻ ഹാജി, പി. ഉബൈദുല്ല എം.എൽ.എ, പി.വി.സൈനുദ്ദീൻ എന്നിവർ നൽകിയ കത്ത്​ പരിഗണിച്ചാണ്​ ചൊവ്വാഴ്ച ബോർഡ്​ യോഗം ചേരുന്നത്​. വഖഫ്​ ബോർഡിന്‍റെ പ്രവർത്തനം സ്തംഭിക്കുന്ന സ്ഥിതിയിലേക്ക്​ തർക്കം വളർന്നതോടെ, സി.പി.എം നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ്​ ഹംസ സ്ഥാനമൊഴിയുന്നത്​. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ടി.കെ. ഹംസ രം​ഗത്തെത്തി. പ്രായാധിക്യം കാരണമാണ് രാജി എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും 80 വയസു കഴിഞ്ഞവർ പദവികളിൽനിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടി.കെ. ഹംസ പറഞ്ഞു.

Tags:    
News Summary - TK Hamza tomorrow Waqf Board Chairman will resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.