ദേഹത്ത് കൈവെച്ച പൊലീസുകാര​ന്‍റെ കൈ വെട്ടണമെന്ന്; നടൻ ദിലീപിനെതിരായ എഫ്.ഐ.ആർ പുറത്ത്

പൂർവ വൈരാഗ്യത്തി​ന്‍റെ പേരിൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരായ എഫ്.ഐ.ആർ റിപ്പോർട്ട് പുറത്ത്. ദിലീപിനെതിരായ പുതിയ കേസി​ന്‍റെ എഫ്‌.ഐ.ആര്‍ പകർപ്പാണ് മാധ്യമങ്ങൾക്ക് ലഭ്യമായിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തതി​ന്‍റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു.

കേസിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം വ്യക്തമാക്കുന്ന എഫ്‌.ഐ.ആർ ആണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പൊലീസ് സ്‌റ്റേഷനില്‍ 6/2022 ആയിട്ടാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപി​ന്‍റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

കേസിലെ ഒന്നാംപ്രതി ദിലീപാണ്. രണ്ടാം പ്രതി ദിലീപി​ന്‍റെ സഹോദരന്‍ അനൂപ്. ദിലീപി​ന്‍റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്‌.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസി​ന്‍റെ പരാതിയിലാണ് കുറ്റപത്രം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടെ കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ്‌ കുറ്റപത്രത്തിൽ പറയുന്നത്.

ഐ.ജി എ.വി ജോര്‍ജി​ന്‍റെ വീഡിയോ യൂട്യൂബില്‍ നിശ്ചലമാക്കിയ ശേഷം ദൃശ്യങ്ങള്‍ നോക്കി നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞു. സോജന്‍, സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ എന്ന രീതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു. ത​ന്‍റെ ദേഹത്ത് കൈവച്ച എസ്.പി കെ. സുദര്‍ശ​ന്‍റെ കൈവട്ടണമെന്നും ദിലീപ് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. 

Tags:    
News Summary - To cut off the hand of the policeman who laid his hand on the body; FIR filed against actor Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.