കൊച്ചി: ചിലയിടങ്ങളിൽ ലൈസൻസുള്ള പരിശീലകനല്ല ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കുന്നത്, ചിലയിടത്ത് ലൈസൻസ് പുതുക്കിയിട്ടില്ല, ചില സ്കൂളുകളിൽ ക്ലാസെടുക്കാൻ ഹാളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല, ചിലയിടത്ത് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് ടെസ്റ്റ് ജയിപ്പിക്കുന്നു... മാസങ്ങൾക്കു മുമ്പ് ഓപറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ വിജിലൻസ് വകുപ്പ് ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റ് ഗ്രൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളായിരുന്നു ഇവ. കൃത്യമായ ലൈസൻസോ യോഗ്യതയോ ഇല്ലാതെയാണ് പരിശീലനം നടക്കുന്നതെന്നായിരുന്നു പ്രധാന കണ്ടെത്തലുകളിലൊന്ന്. ഈ സാഹചര്യത്തിൽ ഡ്രൈവിങ് പരിശീലകർക്ക് മോട്ടോർ വാഹന വകുപ്പിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) നിന്നുള്ള പരിശീലന കോഴ്സ് നിർബന്ധമാക്കി ഉത്തരവിറക്കി.
കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ ചട്ടപ്രകാരമുള്ള യോഗ്യതകൾക്കു പുറമെ ഐ.ഡി.ടി.ആറിലെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ മാത്രമേ ഇൻസ്ട്രക്ടർമാരായി അംഗീകരിക്കാവൂ എന്നാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിലുള്ളത്. പുതുതായി ഡ്രൈവിങ് സ്കൂൾ ലൈസൻസ് ലഭിക്കാൻ അപേക്ഷ സമർപ്പിക്കുന്നവരിൽ ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നവർക്ക് ഐ.ഡി.ടി.ആറിന്റെ കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡ്രൈവിങ് പരിശീലകർ ഒരു വർഷത്തിനകം ഈ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ഡ്രൈവർമാർക്കും ഡ്രൈവിങ് പരിശീലകർക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കുമെല്ലാം ശാസ്ത്രീയ പരിശീലനം നൽകുന്ന ഐ.ഡി.ടി.ആർ പ്രവർത്തിക്കുന്നത്.
ഡ്രൈവിങ് ഇൻസ്ട്രക്ടറുടെ അടിസ്ഥാന യോഗ്യതയായ മോട്ടോർ മെക്കാനിക് സിലബസിന് പുറമെ മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയ പുതിയ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നാണ് കമീഷണറുടെ ഉത്തരവ്. സെപ്റ്റംബറിൽ ഈ കോഴ്സ് നടത്തിപ്പിനുള്ള അനുമതിയും സിലബസിന് അംഗീകാരവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.