കോട്ടയം: ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനാചരണം ഇന്ന്. രാവിലെ 6.30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ മുഖ്യകാർമികത്വത്തിൽ ഓർമ കുർബാന നടന്നു. കല്ലറയിലെ ധൂപ പ്രാർഥനക്ക് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേതൃത്വം നൽകി. വീട്ടിലും ധൂപ പ്രാർഥനയുണ്ടാകും. ഇതോടെ 40 ദിവസമായി പള്ളിയിൽ നടന്നുവന്നിരുന്ന കുർബാനയും പ്രാർഥനയും അവസാനിക്കും. പള്ളിയുടെ നേതൃത്വത്തിലാണ് ചരമദിനാചരണം.
ചടങ്ങുകൾക്കുശേഷം പതിനായിരത്തോളം പേർക്കുള്ള പ്രഭാതഭക്ഷണവും ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ട്. വിതരണം ചെയ്യാനുള്ള നെയ്യപ്പവും തയാറാക്കിക്കഴിഞ്ഞു. 40ാം ഓർമച്ചടങ്ങുകളുടെ ഭാഗമായി കല്ലറയിലേക്ക് നൂറുകണക്കിനുപേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി നിയാജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതി യാത്രകൾ, ഛായാചിത്രത്തിൽ പുഷ്പാർച്ചന, സർവമത പ്രാർഥന എന്നിവയും നടത്തും.
യു.ഡി.എഫിന്റെ സ്ഥാനാർഥി പര്യടനം ശനിയാഴ്ചയുണ്ടാകില്ല. വൈകീട്ട് കുടുംബസംഗമങ്ങൾ മാത്രമാകും നടക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചിന് പുതുപ്പള്ളി പള്ളിയുടെ അങ്കണത്തിൽനിന്ന് പുതുപ്പള്ളി കവലയിലേക്ക് പദയാത്രയും തുടർന്ന് യുവജനസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
41ാം ചരമദിനമായ ഞായറാഴ്ച തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ ധൂപപ്രാർഥന നടക്കും. തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.