ടോംസ്​ കോളജിനെതിരെ നടപടി; അഫിലിയേഷൻ പുതുക്കില്ല

തിരുവനന്തപുരം: വിദ്യാര്‍ഥി പീഡന പരാതികള്‍ ഉയര്‍ന്ന കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിന്‍െറ അഫിലിയേഷന്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതുക്കിനല്‍കേണ്ടതില്ളെന്ന് എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനം. കോളജില്‍ സര്‍വകലാശാലക്കുകീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് എ.ഐ.സി.ടി.ഇയെ അറിയിച്ച് നടപടി സ്വീകരിക്കും. ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക സര്‍വകലാശാലയുടെ കോളജ് ട്രാന്‍സ്ഫര്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനും തീരുമാനിച്ചു. നിലവില്‍ മൂന്നും അഞ്ചും സെമസ്റ്ററുകളില്‍ മാത്രമേ കോളജ് മാറ്റം അനുവദിക്കൂ. മാറ്റത്തിന് പഠിക്കുന്ന കോളജിന്‍െറ അനുമതിവേണമെന്നതിലും ഇളവ് അനുവദിക്കും. തുടര്‍പഠനം നടത്താന്‍ ആഗ്രഹിക്കുന്ന കോളജിന്‍െറ അനുമതി ലഭിച്ചാല്‍ മതിയാകും. ചൊവ്വാഴ്ച ടോംസ് കോളജില്‍ സര്‍വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പിനെതുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ നടപടി.

ടോംസ് കോളജില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കെമിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ച് മറ്റ് രണ്ട് സ്വാശ്രയ കോളജുകളില്‍ മാത്രമാണുള്ളത്. ഇവിടേക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ ബന്ധപ്പെട്ട കോളജുകളുടെ അനുമതിവേണം. ഈ ബ്രാഞ്ചുള്ള കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി, വളാഞ്ചേരി കൊച്ചിന്‍ കോളജ് എന്നിവിടങ്ങളില്‍ പ്രത്യേക ബാച്ച് അനുവദിക്കേണ്ടിവരും. ഇക്കാര്യങ്ങള്‍ സര്‍ക്കാറുമായി കൂടിയാലോചിച്ചാവും തീരുമാനിക്കുക. എന്നാല്‍, ഉപസമിതിയുടെ അന്വേഷണം സംബന്ധിച്ച് സര്‍വകലാശാല ഉത്തരവിറക്കാത്തതിനെ യോഗത്തില്‍ ഫിനാന്‍സ് സെക്രട്ടറിയുടെ പ്രതിനിധി ചോദ്യംചെയ്തു. ഇത് സര്‍വകലാശാല നടപടിയെ നിയമപരമായി ദുര്‍ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനപ്രകാരം അടിയന്തരപ്രധാന്യമുള്ള വിഷയമായതിനാലാണ് ഉത്തരവിറങ്ങുംമുമ്പ് ഉപസമിതി തെളിവെടുപ്പ് നടത്തിയതെന്ന് സര്‍വകലാശാല അധികൃതര്‍ വിശദീകരിച്ചു.

അതേസമയം, ടോംസ് കോളജില്‍ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളില്ളെന്ന് എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഡോ. ജി. രാധാകൃഷ്ണപിള്ള, രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍, സാങ്കേതിക വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടര്‍ ഡോ. ജയകുമാര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാടകക്കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലക്ക് നല്‍കിയ രേഖയിലുള്ള സ്ഥലത്തല്ല പ്രവര്‍ത്തനം. 198 വിദ്യാര്‍ഥികള്‍ ഉപസമിതി മുമ്പാകെ മൊഴിനല്‍കിയതില്‍ 90 ശതമാനവും കോളജില്‍ തുടര്‍പഠനത്തിന് താല്‍പര്യമില്ളെന്ന് വ്യക്തമാക്കി. കോളജില്‍ വിദ്യാര്‍ഥി സ്വാതന്ത്ര്യം ഹനിക്കുന്ന രൂപത്തില്‍ അനാവശ്യനിയന്ത്രണങ്ങളുണ്ടെന്നും വിദ്യാര്‍ഥികള്‍ മൊഴിനല്‍കി.

Tags:    
News Summary - toms college affiliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.