തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് 2015ൽ കോട്ടയത്ത് ഒഴിവായ മത്സരം തിരുവനന്തപുരത്തുണ്ടാകുമോ എന്ന് ആകാംക്ഷപൂർവം നോക്കുകയാണ് കേരളം. അന്ന് കെ.ഇ. ഇസ്മയിൽ മത്സരത്തിൽനിന്ന് പിന്മാറിയതോടെയാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, തുടർച്ചയായ മൂന്നാം തവണ സെക്രട്ടറി പദവിയിലേക്കെന്ന നേട്ടത്തിനരികെ നിൽക്കെ തിരുവനന്തപുരം സംസ്ഥാന സമ്മേളനം കാനത്തിനും കെ.ഇ. ഇസ്മയിൽ, സി. ദിവാകരൻ അടക്കം മുതിർന്ന നേതാക്കൾക്കും നിർണായകമാണ്. 14 ജില്ല സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളുടെ ആകെത്തുകയാകും സംസ്ഥാന സമ്മേളനത്തിൽ പ്രതിഫലിക്കുന്നതെങ്കിലും പ്രായപരിധി സംബന്ധിച്ച വിവാദ പ്രസ്താവനകൾ പ്രതിനിധികളിലേക്കും പടർന്നു. നേതാക്കൾ എന്തൊക്കെ പ്രസ്താവന നടത്തിയാലും അവസാന വാക്ക് പ്രതിനിധികളുടേതാകും.
പ്രായപരിധിയെക്കാൾ നേതൃത്വത്തിനും മന്ത്രിമാർക്കുമെതിരായ വിമർശനങ്ങളാണ് ജില്ല സമ്മേളനങ്ങളിൽ മുഴങ്ങിയത്. നേതൃത്വം സി.പി.എമ്മിന് കീഴടങ്ങിയെന്നും മന്ത്രിമാരുടേത് മോശം പ്രകടനമാണെന്നും ഗ്രൂപ് ഭേദമന്യേ വിമർശനമുയർന്നു. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിൽ സംസ്ഥാന നേതൃത്വം നിർദേശിച്ച സെക്രട്ടറിമാരെ ജില്ല സമ്മേളനം തള്ളി. കോഴിക്കോട്, പത്തനംതിട്ട, വയനാട്, തൃശൂർ, കോട്ടയം, കൊല്ലം ജില്ലകളിലെ പൊതുവികാരം നേതൃത്വത്തിന് വെല്ലുവിളി ഉയർത്തും.
പാർട്ടി നിയന്ത്രണം കൈവശമെന്ന മുൻതൂക്കമാണ് കാനം വിഭാഗത്തിന്‍റെ കൈമുതൽ. തുടർഭരണവും അമ്പതിനായിരത്തിലധികം അംഗത്വ വർധനയും കാനത്തിന് അനുകൂല ഘടകമാണ്. ദേശീയ, സംസ്ഥാന കൗൺസിലുകൾ അംഗീകരിച്ച പ്രായപരിധി മാനദണ്ഡമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന നിലപാടാണ് കാനത്തിന്. എന്നാൽ, കേരളത്തിലേതുപോലെ സംഘടന കെട്ടുറപ്പില്ലാത്ത ഇതര സംസ്ഥാനങ്ങളിൽ പുതിയ നേതൃനിരയുടെ കാര്യത്തിൽ കടുത്ത വരൾച്ചയാണുള്ളത്. കനയ്യകുമാറിനെപോലുള്ള യുവനേതാക്കൾവരെ സി.പി.ഐ വിട്ടു. ഈ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും പ്രായപരിധി നടപ്പാക്കാത്തത് കാനം വിരുദ്ധർക്ക് ആയുധമാണ്.
മാർഗനിർദേശം മാത്രമായാണ് പ്രായപരിധി പുറപ്പെടുവിച്ചതെന്ന് കേന്ദ്ര നേതാക്കൾ സമ്മതിക്കുന്നു. അത് നിർബന്ധമായി നടപ്പാക്കാനാകില്ലെന്ന് ഒരു കേന്ദ്ര സെക്രട്ടേറിയറ്റംഗം 'മാധ്യമ'ത്തോട് വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം ഉയർന്നാൽ കേന്ദ്ര നിലപാടാകും നിർണായകമാകുക. വിഷയം പാർട്ടി കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെ നേതൃത്വം അഭിപ്രായപ്പെട്ടാൽ പല നേതാക്കളുടെയും മനക്കോട്ട തകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.