ടി.പി കേസ് പ്രതികൾ സർക്കാറിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു -വി.ഡി. സതീശൻ

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ ഗൂഢാലോചന വെളിപ്പെടുത്തുമെന്ന് പറഞ്ഞ് പ്രതികൾ സി.പി.എമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും അതിനെ ഭയന്നാണ് ശിക്ഷയിളവ് നൽകുന്നത് ഉൾപ്പെടെ നീക്കങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ഞെട്ടിയ കൊലപാതകക്കേസിലെ പ്രതികളെ സി.പി.എം എത്രമാത്രം ചേർത്തുപിടിക്കുന്നെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ശിക്ഷയിളവ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷയിളവ് കൊടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാൻ പറ്റാത്ത പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഹൈകോടതി ജീവപര്യന്തം ഇരട്ടിയാക്കി വർധിപ്പിച്ച പ്രതികൾക്കാണ് ശിക്ഷയിളവ് നൽകാൻ നീക്കം നടത്തുന്നത്. 20 വർഷത്തേക്ക് ഇവർക്ക് ഒരു ശിക്ഷയിളവും നൽകരുതെന്നാണ് കോടതി നിർദേശം. ശിക്ഷയിളവുമായി ബന്ധപ്പെട്ട് ഹൈകോടതി നിർദേശ പ്രകാരം 2018 നവംബർ 23ന് ഇറക്കിയ ഉത്തരവിൽ രാഷ്ട്രീയ കൊലപാതകക്കേസ് പ്രതികൾക്ക് 14 വർഷം കഴിയാതെ ശിക്ഷയിളവ് നൽകരുതെന്ന് വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, 2022ൽ സർക്കാർ ഇറക്കിയ മറ്റൊരു ഉത്തരവിൽ നേരത്തെയുള്ള ഉത്തരവിലെ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷയിളവ് സംബന്ധിച്ച വ്യവസ്ഥ നീക്കി. ഇത് ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്ലാ സൗകര്യങ്ങളോടെയുമാണ് ടി.പി കേസിലെ പ്രതികൾ ജയിലിൽ വാഴുന്നത്. ജയിലിൽ ഇഷ്ടമുള്ള ഭക്ഷണവും മദ്യവും കഞ്ചാവും മയക്കുമരുന്നും മൊബൈൽ ഫോണും എല്ലാം എത്തിച്ചുനൽകുന്നുവെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - TP case accused are blackmailing the government - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.