ടി.പി വധം: ഒരു കുറ്റവാളിയെയും രക്ഷിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ലെന്ന് ഇ.പി, 'നിരപരാധികൾക്ക് നീതി തേടി മേൽക്കോടതിയിൽ പോകാം'

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഒരു കുറ്റവാളിയെയും രക്ഷിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സി.പി.എമ്മിനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. പാർട്ടി കേസിൽ കക്ഷിയല്ല. നിരപരാധികളായ പാർട്ടി നേതാക്കളെ കേസിൽ പെടുത്തുകയായിരുന്നു. നിരപരാധികൾക്ക് നീതി തേടി മേൽക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

അന്തിമവിധി പ്രഖ്യാപനമല്ല വന്നത്. സി.പി.എമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും വിഷമമുള്ളവർ ഉണ്ടാകാം. നിരപരാധികൾക്ക് ഇനിയും കോടതിയെ സമീപിക്കാം. മോഹനൻ മാസ്റ്ററെ പ്രതിചേർക്കാൻ ശ്രമിച്ചില്ലേ. കുഞ്ഞനന്തൻ ഒരാളെയും വേദനിപ്പിക്കുന്ന ആളല്ല. മരണപ്പെട്ട ആളെയും ശിക്ഷിച്ചു. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാമെന്നും ഇ.പി പറഞ്ഞു.

ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്ന് മൂന്നാം സീറ്റ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഇ.പി. ജയരാജൻ പറഞ്ഞു. ചോദിച്ച സീറ്റ് കൊടുക്കാതെ ആറുമാസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് പറയുന്നത്. ഇന്നത്തെ സ്ഥിതിയിൽ രാജ്യസഭയിൽ ജയിക്കാൻ ലീഗിന് കോൺഗ്രസിന്‍റെ സഹായം വേണ്ട. രണ്ട് സീറ്റിൽ എൽ.ഡി.എഫ് ജയിക്കും. മൂന്നാമത്തെ സീറ്റിൽ ലീഗിന് തനിച്ച് ജയിക്കാൻ കഴിയും. കേരളത്തിൽ യു.ഡി.എഫ് ദുർബലപ്പെട്ടു. കോൺഗ്രസിൽ തമ്മിലടിയാണ്. ആർ.എസ്.എസിനെതിരെ നിൽക്കാൽ യു.ഡി.എഫിന് ത്രാണിയില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. 

Tags:    
News Summary - TP Chandrashekharan murder CPM did not try to save any criminal says EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.