കോഴിക്കോട്: ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ മുഖ്യ പ്രതി കൊടി സുനിക്ക് ജയിൽ വകുപ്പ് പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോളാണിപ്പോൾ അനുവദിച്ചത്. സുനിയുടെ മാതാവ് മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് പരോൾ അനുവദിച്ചത്. ഈ മാസം 28ന് സുനി പുറത്തിറങ്ങി. അഞ്ച് വർഷത്തിനുശേഷമാണ് പരോൾ ലഭിക്കുന്നത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
മലപ്പുറം ജില്ലയിലിലെ തവനൂർ ജയിലിലാണിപ്പോൾ സുനിയുള്ളത്. എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് ജയിൽ വകുപ്പ് അധികൃതർ മറുപടി പറയണമെന്ന് കെ.കെ. രമ എം.എൽ.എ. നേരത്തെ തന്നെ ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, നടപടി പുറത്തായ സാഹചര്യത്തിലാണ് മരവിപ്പിച്ചത്. നേരത്തെ പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം കേസുകൾ നിലവിലുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷൻ ഏർപ്പാടുകൾ നടത്തിയതും നാടിനറിയാം. ജയിൽ വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രമ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവുലഭിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയ സാഹചര്യത്തിലെല്ലാം സി.പി.എം നേതൃത്വമാണ് പ്രതിക്കൂട്ടിലായത്. ദീർഘകാലം തടവിൽ കഴിയുന്നവർക്ക് ഇളവ് നൽകാനുള്ള സർക്കാറിന്റെ വിവേചനാധികാരമുപയോഗിച്ച് മറ്റുള്ളവർക്കൊപ്പം ടി.പി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് ലഭ്യമാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയതോടെ, വിവാദവും പ്രതിഷേധവുമുയരുകയും നീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ താൽക്കാലികമായി പിൻവാങ്ങുകയും ചെയ്തെങ്കിലും പാർട്ടിയെയും സർക്കാറിനെയും വീണ്ടും കരിനിഴലിലാക്കുന്നതായി നടപടികൾ. ടി.പി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് കൊലപാതകമുണ്ടായ നാൾമുതൽ സി.പി.എം ആവർത്തിക്കുകയാണ്. അങ്ങനെയെങ്കിൽ പ്രതികൾക്കായി പാർട്ടിയും സർക്കാറും എന്തിനാണ് അനർഹമായി ഒത്താശ ചെയ്യുന്നതെന്നാണ് പ്രവർത്തകരിൽ നിന്നുൾപ്പെടെ ഉയരുന്ന ചോദ്യം.
കൊടി സുനി അടക്കം പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചതിനും ജയിൽ വാർഡന്മാരെ ആക്രമിച്ചതിനും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും സ്വർണക്കടത്തും ക്വട്ടേഷൻ പ്രവർത്തനവും ആസൂത്രണം ചെയ്തതിനും പല ഘട്ടങ്ങളിലായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇവയിലൊന്നും അന്വേഷണം മുന്നോട്ടുപോയിട്ടില്ലെന്നു മാത്രമല്ല പ്രതികളെ നിലവിലെ ജയിലിൽനിന്ന് മാറ്റി കേസന്വേഷണം അവസാനിപ്പിക്കുന്നതാണ് പതിവുരീതി.
പ്രതികളെ ജയിലുകളിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ‘വി.ഐ.പി പരിഗണന’ നൽകുന്നതും വലിയ ചർച്ചയാണ്. പ്രതികൾക്ക് ശിക്ഷ ഇളവിന് ശ്രമം നടത്തിയത്. അതേസമയം, ടി.പിയെ കൊല്ലിച്ചതാരെന്ന സത്യം പ്രതികൾ വിളിച്ചുപറയാതിരിക്കാനാണ് പാർട്ടി തുടർ പരോൾ അടക്കം ഓഫറുകൾ നൽകുന്നതെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.