വടകര: ടി.പി. ചന്ദ്രശേഖരൻ വധത്തിനായി വ്യാജ മൊബൈൽ ഫോൺ സിം കാർഡുകൾ ഉപയോഗിച്ചുവെന്ന കേസിൽ കൊടി സുനി ഉൾപ്പെടെ അഞ്ചു പേരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു.
ചൊക്ലി മീത്തലെ ചാലിൽ സുനിൽ കുമാർ എന്ന കൊടി സുനി (40), അഴിയൂർ സ്വദേശികളായ പുറത്തെ തയ്യിൽ ജാബിർ (47), നടുച്ചാലിൽ നിസാർ (45), കല്ലമ്പത്ത് ദിൽഷാദ് (39), വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്സൽ (44) എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എ. ഷീജ വെറുതെ വിട്ടത്.
ടി.പി. വധത്തോട് അനുബന്ധിച്ച് 2012 ഏപ്രിൽ 26ന് പ്രതികൾ വ്യാജ സിം കാർഡ് ഉപയോഗിച്ചുവെന്ന അന്നത്തെ ഡിവൈ.എസ്.പി ജോസി ചെറിയാന്റെ പരാതിയിൽ ചോമ്പാല പൊലീസാണ് കേസെടുത്തത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയിൽ പറഞ്ഞു.
12 വർഷത്തിനു ശേഷമാണ് വിധി. ഈ കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. ടി.പി വധത്തിൽ കൊടി സുനിയും ദിൽഷാദും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ജാബിറിനേയും നിസാറിനേയും പൊലീസ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ. കെ.എം. രാംദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.