അൻവറിന് പാർട്ടി മറുപടി നൽകുമെന്ന് ടി.പി രാമകൃഷ്ണൻ; ‘മുഖ്യമന്ത്രിക്ക് ജനങ്ങൾ നൽകിയ സൂര്യശോഭ കെടുത്താനാവില്ല’

തിരുവനന്തപുരം: സി.പി.എം വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ ഇടത് എം.എൽ.എ പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. അൻവറിന് പാർട്ടി മറുപടി നൽകുമെന്ന് രാമകൃഷ്ണൻ പറഞ്ഞു. അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങൾ നൽകിയ സൂര്യശോഭ അൻവറിന് കെടുത്താൻ സാധിക്കില്ലെന്നും ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് പി.വി അൻവർ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം വിളിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടി പറഞ്ഞതനുസരിച്ച് താൻ കീഴടങ്ങിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാൽ, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന് പി.വി അൻവർ പറഞ്ഞു.

മരംമുറികേസും എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയിലല്ലെന്നും സ്വർണക്കടത്തുകാർക്ക് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും അൻവർ പറഞ്ഞു. ആരോപണങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പാർട്ടി പറഞ്ഞതു വിശ്വസിച്ചു. അതിനാൽ നിർദേശം പാലിച്ചു. എന്നാൽ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയില്ല. സ്വർണക്കടത്തു കേസിൽ ഒന്നും വ്യക്തമല്ല. റിദാൻ വധക്കേസിലും പൊലീസ് നടത്തിയ അന്വേഷണം ശരിയല്ല.

പാർട്ടിയിലായിരുന്നു എന്‍റെ പ്രതീക്ഷ. ഒന്ന് അന്വേഷിക്കട്ടെ എന്നു പോലും പാർട്ടി സെക്രട്ടറി പറഞ്ഞില്ല. എല്ലാ ഉറപ്പുകളും പാർട്ടി ലംഘിച്ചു. പാർട്ടിയിലെ സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ചാണ് ഇവിടെവരെ എത്തിയത്. എന്നാൽ അവരുടെ വിഷയങ്ങൾ പരിശോധിക്കാൻ പാർട്ടി തയാറല്ല. പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണത്തിൽനിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. പി. ശശിക്കെതിരെ അന്വേഷണം നടത്തിയില്ലെന്നു മാത്രമല്ല, തന്നെ അപമാനിക്കുന്ന രീതിയിൽ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രസ്താവന നടത്തി. മുഖ്യമന്ത്രി കള്ളക്കടത്തുകാരിൽ ഒരാളായി ചിത്രീകരിക്കുകയാണ് ചെയ്തത്. ഇനി നിയമവഴിക്ക് പോകാനാണ് തീരുമാനമെന്നും പരാതിയുമായി ഹൈകോടതിയെ സമീപിക്കും -അൻവർ വ്യക്തമാക്കി.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തനിക്കെതിരെ പരാമർശങ്ങളുന്നയിച്ചത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്നും യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും പി.വി. അൻവർ പറഞ്ഞു. പി. ശശിയും എ.ഡി.ജി.പിയും എഴുതിക്കൊടുത്തത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ തനിക്ക് ഡാമേജുണ്ടാക്കി. അദ്ദേഹത്തെ തിരുത്താൻ പാർട്ടി തയാറായില്ല. പാർട്ടി തനിക്ക് നൽകിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇനി വിശ്വാസം കോടതിയിലാണെന്നും താൻ ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.

സ്വർണക്കടത്തു കേസിൽ പൊലീസ് സ്വർണം പൊട്ടിക്കുന്നുവെന്ന ആരോപണം അൻവർ ആവർത്തിച്ചു. പ്രതികളിൽനിന്ന് പിടികൂടുന്ന സ്വർണം കോടതിയിൽ എത്തുമ്പോൾ അളവു കുറയുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണവേട്ടയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് അൻവർ ചോദിച്ചു. അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അൻവർ, പ്രതികളും ബന്ധുക്കളും ഉൾപ്പെടെ പ്രതികരിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.

Tags:    
News Summary - TP Ramakrishnan that the party will reply to PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.