ന്യൂഡൽഹി: സെൻകുമാറിനെ പൊലീസ് മേധാവിയാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് സർക്കാർ നടത്തിയ മാപ്പപേക്ഷക്കു പുറമെയാണ് ചീഫ് സെക്രട്ടറിയുടെ മാപ്പിരന്നുള്ള സത്യവാങ്മൂലം. ഇൗ മാസം അഞ്ചിന് കേസ് പരിഗണിച്ചപ്പോൾ കേരളത്തിനുവേണ്ടി ഹാജരായ അഡ്വ. സിദ്ധാർഥ് ലൂഥ്റയാണ് സർക്കാറിനുവേണ്ടി താൻ മാപ്പുചോദിക്കുകയാണെന്നും അതിനാൽ വ്യക്തതക്കായി സമർപ്പിച്ച ഹരജി പിൻവലിക്കാൻ സമ്മതിക്കണമെന്നും ജസ്റ്റിസ് മദൻ ബി. ലോക്കൂറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചത്. എന്നാൽ, ഹരജി പിൻവലിച്ചെന്നപോലെ തള്ളാമെന്നായിരുന്നു സുപ്രീംകോടതി നിലപാട്. ഒരു ഹരജി പിൻവലിച്ചാൽ അതേ ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയിൽ വരാനാകും. എന്നാൽ, തള്ളിയതായി സുപ്രീംകോടതി ഉത്തരവിട്ടാൽ അത്തരമൊരു ആവശ്യവുമായി വീണ്ടും കോടതിയെ സമീപിക്കാൻ കഴിയാതെവരും. അതുകൊണ്ടാണ് ഇൗ അപേക്ഷ പിൻവലിെച്ചന്നപോലെ 25,000 രൂപ ചെലവോടെ തള്ളുകയാണെന്ന് കോടതി ഉത്തരവിട്ടത്. ഇൗ 25,000 രൂപ ഉത്തരവ് വന്ന് ഒരാഴ്ചക്കകം നിയമ സേവന സമിതിയിൽ അടക്കണമെന്നും അത് ബാലനീതിനിയമ വിഷയങ്ങൾക്ക് ഉപയോഗപ്പെടുത്താനാണെന്നും കോടതി വ്യക്തമാക്കി. അനാവശ്യവും അർഥശൂന്യവുമായ വ്യവഹാരങ്ങൾക്കുള്ള പ്രവണത തടയുന്നതിനാണ് ചെലവ് ഇൗടാക്കുന്നതെന്ന് സുപ്രീംകോടതി തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.