പുള്ളാവൂർ പുഴയിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച് ആഗോള ശ്രദ്ധ നേടിയ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ ഉപയോഗിച്ച് കേരള പൊലീസിന്റെ ട്രാഫിക് ബോധവത്കരണം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്റെയും പുറത്താകലിനെ പരോക്ഷമായി ട്രോളിക്കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താരങ്ങളുടെ മുഖത്ത് വിവിധ നിറങ്ങളിലുള്ള സിഗ്നൽ ലൈറ്റുകൾ വെച്ചാണ് ബോധവത്കരണം. അതിനൊപ്പം ചെറു കുറിപ്പുമുണ്ട്.
'യാത്ര എങ്ങനെ തുടങ്ങുന്നു എന്നതിലല്ല, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് വിവേകപൂർവം മുന്നോട്ടു പോകുന്നവരാണ് സുരക്ഷിതമായി ലക്ഷ്യത്തിലെത്തുന്നത്. സുരക്ഷിതയാത്രക്ക് ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുക' എന്നാണ് കുറിപ്പ്. പോസ്റ്റിനടിയിൽ ഫുട്ബാളുമായി ബന്ധപ്പെട്ട കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. 'ഇതൊരുമാതിരി വല്ലാത്ത ട്രോൾ ആയിപ്പോയി പൊലീസ് മാമാ' എന്നാണ് ഒരാളുടെ കുറിപ്പ്. 'ശവത്തേൽ കുത്തല്ലേ... വേറെ എന്തെല്ലാം ഉപമകൾ ഉണ്ട് ട്രാഫിക് റൂൾ അനുസരിക്കാൻ...' എന്ന് മറ്റൊരാളുടെ ഉപദേശവുമുണ്ട്. 'അഡ്മിൻ നമ്മുടെ ആളാണല്ലോ' എന്ന കമന്റുമായി മെസ്സി ആരാധകരും രംഗത്തുണ്ട്.
ലോകകപ്പിനോടനുബന്ധിച്ച് പുള്ളാവൂര്‍ പുഴയില്‍ 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ വൈറലായി. അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു കട്ടൗട്ട് വെച്ചത്. ഇതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി 40 അടി വലുപ്പമുള്ള നെയ്മറിന്റെ കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ആരാധകര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 50 അടി ഉയരമുള്ള കട്ട് ഔട്ട് കൂടി സ്ഥാപിച്ചു. അതിനിടെ, പുള്ളാവൂരിലെ ഫുട്‌ബോള്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഫിഫയും പങ്കുവെച്ചു. 'ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു' എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്. ഇതിന് ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.