താമരശ്ശേരി ചുരം

താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ച രാത്രി ഗതാഗത നിയന്ത്രണം: തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ ചുരം കയറും, കർശന നിബന്ധനകളോടെയാണ് അനുമതി

താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന ആശങ്കയിൽ മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ രണ്ടും കടത്തിവിടാൻ കോഴിക്കോട് ജില്ല ഭരണകൂടം അനുമതി നൽകി. കഴിഞ്ഞ ദിവസം താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫും ജില്ല ദുരന്ത നിവാരണ വിഭാഗവും സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടത്തിന്റെ അനുമതി.  ട്രെയിലറിലെ ചരക്കുനീക്കത്തിന് കരാറെടുത്ത അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി, ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ടിലെ നിർദേശപ്രകാരമുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ച് 22 ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ ട്രെയിലറുകൾക്ക് താമരശ്ശേരി ചുരം കയറാം. 

ട്രെയിലറുകൾ കടന്നുപോകുമ്പോൾ ദേശീയപാതക്കോ,വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികൾക്കോ നാശനഷ്ടമുണ്ടായാൽ ഈടാക്കാനായി 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും, ഗതാഗത മന്ത്രാലയത്തി​െൻറ സർട്ടിഫിക്കറ്റും സാക്ഷ്യപത്രവുമാണ് കമ്പനിയോട് ജില്ലാ ഭരണകൂട്ടം വാങ്ങി വെച്ചിരിക്കുന്നത്. ചുരത്തിൽ ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിർത്തിവെച്ചാണ് ട്രെയിലറുകൾ കടത്തി വിടുക. ഗതാഗത നിയന്ത്രണം പൊതു ജനങ്ങളെ അറിയിക്കും. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട  മുഴുവൻ ചെലവുകളും അണ്ണാമലൈ കമ്പനി തന്നെയാണ് വഹിക്കുക.

നെസ്ലെ കമ്പനിക്കു പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശ്ശേരിക്കടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടത്. പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ട്രെയിലറുകൾ മാറ്റി. നാട്ടിലേക്കു പോയിരുന്ന ട്രെയിലർ ജീവനക്കാരിൽ മിക്കവരും അടിവാരത്ത് തിരിച്ചെത്തിയിട്ടുണ്ട്. 

Tags:    
News Summary - Traffic control at thamarassery churam on dec 22 night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.