പാലക്കാട്: സാമ്പത്തിക പ്രയാസവും തൊഴിലില്ലായ്മയുമാണ് ഷൊർണൂരിൽ ട്രെയിനിടിച്ച് മരിച്ച തമിഴ്നാട് സേലം സ്വദേശികളായ വള്ളി, ലക്ഷ്മണൻ, റാണി, ലക്ഷ്മണൻ എന്നിവരെ പാലക്കാട്ടെത്തിച്ചത്. സേലം അടിമലൈ പുതൂർ സ്വദേശികളായ ഇവർ കഴിഞ്ഞ കുറച്ച് വർഷമായി ഒറ്റപ്പാലത്തെ വാടകവീട്ടിൽ താമസിച്ചാണ് കൂലിപ്പണിക്ക് പോയിരുന്നത്.
തോട്ടം തൊഴിലിനായാണ് അച്ഛനും അമ്മയും പാലക്കാട്ടെത്തിയതെന്നും റെയിൽവേ ട്രാക്കിലെ ജോലി സംബന്ധിച്ച് അറിയില്ലായിരുന്നുവെന്നും വള്ളിയുടെയും ലക്ഷ്മണന്റെയും മക്കളായ ഷൺമുഖവും കുമാറും പറഞ്ഞു. ഉറ്റവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ജില്ല ആശുപത്രിയിൽ എത്തിയതായിരുന്നു അവർ.
ശനിയാഴ്ച രാത്രിയോടെ ജില്ല ആശുപത്രിയിലെത്തിച്ച വള്ളി (55), ഭർത്താവ് ലക്ഷ്മണൻ (60), ബന്ധു റാണി (45) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. പുഴയിൽ വീണ് കാണാതായ, റാണിയുടെ ഭർത്താവ് ലക്ഷ്മണന്റെ (48) മൃതദേഹം ഞായറാഴ്ച വൈകീട്ടോടെയാണ് കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രിയിലേക്കു മാറ്റി.
സേലത്തും തോട്ടംതൊഴിലാളികളായിരുന്ന ഇവർക്ക് ബാങ്ക് വായ്പകളും കടങ്ങളും ഉണ്ടായിരുന്നെന്ന് മക്കളും ബന്ധുക്കളും പറഞ്ഞു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മഴമൂലം തോട്ടത്തിൽ പണി ഇല്ലാതിരുന്നതിനെ തുടർന്നാണ് റെയിൽവേ ട്രാക്കിൽ ശുചീകരണ തൊഴിലിന് ഇറങ്ങിയത്. അവസാനമായി ഫോണിൽ സംസാരിക്കാൻപോലും സാധിച്ചില്ലെന്ന് ബന്ധുക്കൾ വേദനയോടെ പറഞ്ഞു.
ട്രെയിൻ വന്നപ്പോൾ പുഴയിൽ ചാടിയ ലക്ഷ്മണനും റാണിയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. ലക്ഷ്മണന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിനുശേഷമാണ് പാലക്കാട്ടെത്തിയതെന്നും ലക്ഷ്മണന്റെ സഹോദരൻ പരമശിവം പറഞ്ഞു. ലക്ഷ്മണന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ശേഷം നാലു മൃതദേഹങ്ങളും നാട്ടിലെത്തിച്ച് തിങ്കളാഴ്ച സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
നടന്നത് അതിദാരുണമായ ദുരന്തമാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. ശുചീകരണ പ്രവർത്തനത്തിൽ മുൻപരിചയം ഇല്ലാത്തവരാണ് നാലുപേരും.
റെയിൽവേയുടെ സുരക്ഷ പൂർണമായും പാളി. റെയിൽവേക്ക് ഉത്തരവാദിത്തത്തിൽനിന്ന് മാറാൻ കഴിയില്ല. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. മാനുഷിക പരിഗണനവെച്ച് മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്നും മാന്യമായ നഷ്ടപരിഹാരം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളുന്നയിച്ച് കേന്ദ്രമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഷൊർണൂർ ട്രെയിൻ അപകട പശ്ചാത്തലത്തിൽ റെയിൽവേ ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഗുരുവായൂർ: ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ ശുചീകരണ ജോലിക്കാർ ട്രെയിൻ തട്ടി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ‘അടുത്തത് ഞാൻ കൊല്ലപ്പെടും’ എന്ന് ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂനിയൻ (ഡി.ആർ.ഇ.യു) സെക്രട്ടറിയും ട്രാക്ക് മെയ്ന്റനൻസ് ജീവനക്കാരനുമായ നിക്സൺ ഗുരുവായൂരാണ് ട്രാക്കിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്. ട്രാക്കിലെ ജീവനക്കാരുടെ അപകടമരണങ്ങൾ പരമ്പരയായിരിക്കുകയാണെന്ന് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
മരണം വലിയ വാർത്തയായെങ്കിലും കാരണം ആരും അന്വേഷിക്കുന്നില്ല. പാലത്തിനോട് ചേർന്ന നടപ്പാത ഉണ്ടായിരുന്നെങ്കിൽ ജീവനക്കാർക്ക് മാറിനിൽക്കാമായിരുന്നു. ട്രെയിൻ വരുന്നത് അറിയാനുള്ള സുരക്ഷാ ഉപകരണമായ രക്ഷക് ഇവർക്ക് നൽകിയിട്ടില്ല. പാടത്തും പറമ്പിലും പണിക്കു വിളിക്കുന്നതുപോലെ പണിക്കാരെ നിയോഗിക്കേണ്ട ഇടമല്ല റെയിൽവേ ട്രാക്ക്. അപകടവും അതിവേഗവും കനത്ത വളവും എല്ലാമായി മരണം പതിയിരിക്കുന്ന ഇടമാണ്.
കരാർ ജോലിക്ക് വന്നവർക്ക് ഇൻഷുറൻസ്, റിഫ്ലക്ടർ ജാക്കറ്റ്, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം. ട്രാക്കിൽ ജീവനക്കാരുടെ തുടർച്ചയായ മരണങ്ങൾ കെ. രാധാകൃഷ്ണൻ എം.പി പാർലമെന്റിൽ ഉന്നയിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.