കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കാൻ സാധ്യത. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആക്രമണമായാണ് സംഭവത്തെ എൻ.ഐ.എ കാണുന്നത്. ആക്രമണത്തിൽ മൂന്നുപേർ മരിക്കുകയും എട്ടുപേർക്ക് പൊള്ളലേൽക്കുകയുമാണുണ്ടായതെങ്കിലും ഭാഗ്യവശാലാണ് വൻദുരന്തം ഒഴിവായത്.
ആക്രമണത്തിന് തൊട്ടുപിന്നാലെ എൻ.ഐ.എയുടെ കൊച്ചി, ബംഗളൂരു യൂനിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ തീപിടിത്തമുണ്ടായ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി ഒന്ന്, രണ്ട് കോച്ചുകൾ പരിശോധിച്ചിരുന്നു. മാത്രമല്ല, രാജ്യവ്യാപക ബന്ധങ്ങളുടെ സൂചനകൾ പുറത്തുവന്നതോടെ കേസിന്റെ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് എൻ.ഐ.എ ശേഖരിക്കുകയും ചെയ്തു.
കേസിൽ അറസ്റ്റിലായ ഷാറൂഖ് സെയ്ഫി ഡൽഹി ശഹീൻ ബാഗ് സ്വദേശിയാണ്. ഇയാളെ മഹാരാഷ്ട്ര എ.ടി.എസ് പിടിച്ചതാവട്ടെ രത്നഗിരിയിൽനിന്നും. പ്രതി രാജസ്ഥാനിലെ അജ്മീറിലേക്കാണ് രക്ഷപ്പെടാൻ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു. എ.ടി.എസിനോട് കുറ്റം സമ്മതിച്ച പ്രതി പരപ്രേരണയാൽ ആക്രമണം നടത്തി എന്നും പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ കേരളത്തെയാകെ ഞെട്ടിച്ച കേസിൽ അന്തർസംസ്ഥാന ബന്ധങ്ങളുടെ സൂചനകളാണ് കാണുന്നത്. അതിനാൽ കേരളത്തിലെ പ്രത്യേക സംഘത്തിന് രാജ്യവ്യാപക അന്വേഷണത്തിന് നിരവധി പരിമിതികളും വെല്ലുവിളികളുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ അന്വേഷണത്തിനടക്കം വിവിധ ഏജൻസികളുടെ സഹകരണം തേടേണ്ടിവരുകയും ഇതിന് ചിലപ്പോൾ കാലതാമസമുണ്ടാകുകയും ചെയ്യും. ഇതെല്ലാമാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യതയായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല, ഡൽഹിയിൽനിന്ന് കേരളത്തിലെത്തി എന്തിന് ആക്രമണം നടത്തി, എന്തായിരുന്നു ഉദ്ദേശ്യം, പിന്നിൽ ആരെല്ലാം എന്നതടക്കം നിർണായക വിവരങ്ങൾ പുറത്തുവരേണ്ടതുമുണ്ട്. ആക്രമണത്തിൽ വലിയ ആസൂത്രണം നടന്നു എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കേരള പൊലീസിന്റെയും കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.