കോഴിക്കോട്: വിദ്യാർഥികളെ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽ അക്കൗണ്ട് തുടങ്ങി കോടികൾ മറിച്ച സംഭവത്തിൽ കൂടുതൽ പേർ അകപ്പെട്ടതായി സൂചന. കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളി ഭാഗങ്ങളിലെ 30ഓളം വിദ്യാർഥികളെ ചതിയിൽപെടുത്തിയതായാണ് സംശയിക്കുന്നത്. രണ്ട് യുവാക്കൾക്കെതിരെ രാജസ്ഥാൻ പൊലീസിന്റെ സമൻസ് വന്നതോടെയാണ് സംഭവത്തിൽ അകപ്പെട്ട മറ്റു വിദ്യാർഥികളും വിവരം വെളിപ്പെടുത്തിയത്. ഇതോടെ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചില രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. രാജസ്ഥാൻ പൊലീസ് ഒരു യുവാവിന് നൽകിയ സമൻസിൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെച്ചുള്ള കവർച്ച, കൊള്ള എന്നീ വകുപ്പുകളും ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. അക്കൗണ്ടിലൂടെ കൈമാറ്റംചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച സൂചനകൾ നൽകുന്നതാണിത്. വിദഗ്ധമായി പിൻ നമ്പർ കൈവശപ്പെടുത്തിയ ശേഷം അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം പണക്കൈമാറ്റം ചെയ്യാനും വിദ്യാർഥികളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചതായി സൂചന നൽകുന്നതാണ് ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ.
അക്കൗണ്ട് തുടങ്ങിയ ഐ.സി.ഐ.സി.ഐ ബാങ്ക് ബ്രാഞ്ചിൽനിന്ന് എടുത്ത സ്റ്റേറ്റ്മെന്റ് അനുസരിച്ച് പി.എൻ.ബി, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയാണ് പണം നിക്ഷേപിച്ചതും പിൻവലിച്ചതും. 30,000 മുതൽ നാലുലക്ഷം രൂപവരെയാണ് തുടർച്ചയായ ദിവസങ്ങളിൽ നിക്ഷേപിച്ചത്. പൊതുമേഖല ബാങ്കിന്റെ അക്കൗണ്ടുകളിൽനിന്ന് ഇടക്കിടെ ഒരു രൂപയും 50 രൂപയും 100 രൂപയും ഗൂഗ്ൾപേ ചെയ്തിട്ടുണ്ട്. ഏതു സമയവും കേസ് വരുന്ന മുറക്ക് മരവിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അക്കൗണ്ട് ലൈവാണെന്ന് ഉറപ്പിക്കാനാണ് ഇങ്ങനെ ചെറിയ തുക നിക്ഷേപിച്ചതെന്നാണ് കരുതുന്നത്. തുടർന്നാണ് വലിയ തുക നിക്ഷേപിക്കുന്നത്. ഇത് വിദ്യാർഥിയുടെ അക്കൗണ്ടിൽ വന്ന ഉടനെയും പിറ്റേ ദിവസവുമായി പിൻവലിച്ചിട്ടുമുണ്ട്. നാസറലി, നന്ദിനി, സതീഷ്, അബ്ദു, പ്രസഞ്ജിത്, കുൽദീപ്, പ്രിയങ്ക, ഉബൈദ്, വിക്രം, അക്ഷയ്, സൽമാൻ, അനിരുദ്ധ്, മുഹമ്മദ്, സുമൻ, അഭിഷേക്, ഫാരിസ് അഹമ്മദ് തുടങ്ങിയ പേരുകളിലെ അക്കൗണ്ടുകളിൽനിന്നാണ് പണം നിക്ഷേപിച്ചതും പിൻവലിച്ചതും. കോടികളുടെ അനധികൃത പണമിടപാടിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് സംശയം.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പണം ട്രാൻസ്ഫർ ചെയ്യാനാണെന്നുപറഞ്ഞാണ് അക്കൗണ്ട് തുടങ്ങിച്ചതെന്ന് ചതിയിൽപെട്ട ഒരു വിദ്യാർഥി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.