വനംവകുപ്പിൽ ലേലംവിളിച്ച് സ്ഥലംമാറ്റം

തിരുവനന്തപുരം: വനംവകുപ്പിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരുടെ സ്ഥലംമാറ്റത്തിൽ ലേലം വിളി. ആദ്യം പുറത്തിറക്കിയ 71 പേരുടെ സ്ഥലംമാറ്റ പട്ടിക വേണ്ടപ്പെട്ട കുറച്ച് പേർക്ക് അവശ്യം ലഭിക്കേണ്ട സ്ഥലങ്ങൾക്കായി വീണ്ടും തിരുത്തി വനംവകുപ്പ് ആസ്ഥാനത്ത് നിന്നിറക്കി.

സെപ്റ്റംബർ മൂന്നിനാണ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരുടെ സ്ഥലമാറ്റ ഉത്തരവ് അഡീഷനൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുകഴേന്തി പുറപ്പെടുവിച്ചത്. എന്നാൽ ഉത്തരവിറങ്ങിയതിന് പിന്നാലെ തന്നെ അഞ്ച് പേരുടെ സ്ഥലംമാറ്റത്തിൽ തിരുത്തൽ വരുത്തി വീണ്ടും മണിക്കൂറുകൾക്കുള്ളിൽ ദേദഗതി ഉത്തരവ് വകുപ്പ് പുറത്തിറക്കുകയായിരുന്നു.

ആദ്യ ഉത്തരവ് പുറത്തിറക്കിയശേഷം 'ലാഭമുള്ള' സ്ഥലങ്ങളിലേക്ക് ലേലം വിളിച്ച് ഭേദഗതി ഉത്തരവിന് കളമൊരുക്കുകയായിരുന്നെന്ന ആക്ഷേപമാണുയരുന്നത്. വനംവകുപ്പിൽ സ്വാധീനമുള്ള സി.പി.എം നിയന്ത്രണമുള്ള സംഘടന നേതൃത്വത്തിനുപോലും ഇടപെടാൻ കഴിയാതെ എൻ.സി.പിയുമായി ബന്ധമുള്ള വകുപ്പിലെ പുതിയ ഇടനില നേതാക്കൾ നേരിട്ട് ഇടപെട്ടാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇപ്പോൾ തയാറാക്കുന്നതെന്നാണ് വ്യാപക ആരോപണം.

ആകർഷണീയമായ തസ്തികകളും പ്രദേശങ്ങളും വാങ്ങിത്തരാമെന്ന് മോഹിപ്പിച്ച് നേരിട്ടാണ് സ്ഥലംമാറ്റത്തിനായുള്ള പിരിവ് നടത്തുന്നതെന്ന് സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഒരു മാനദണ്ഡവും പാലിക്കാതെ കീശയുടെ വലിപ്പം മാത്രം നോക്കി സ്ഥലംമാറ്റം നടത്തുന്നെന്നും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. ഇതുകാരണം സുപ്രധാന തസ്തികകൾ അഴിമതി നടത്താനുള്ള ഇടങ്ങളായി മാറി. സി.പി.എം, സി.പി.ഐ നേതൃതലങ്ങളിലുള്ളവരുടെ നിർദേശംവരെ തള്ളിയാണ് എൻ.സി.പിയുടെ ഇടപെടൽ. മറ്റ് തസ്തികളിലെ സ്ഥലംമാറ്റത്തിലും ഇത്തരത്തിൽ വഴിവിട്ട ഇടപെടലും ലേലംവിളിയുമാണ് മാനദണ്ഡമെന്ന് വിവിധ സംഘടന നേതാക്കൾ ആരോപിച്ചിട്ടും അതേനില തുടരുകയാണ്. മന്ത്രി ഓഫിസിൽ നിന്നുള്ള പിന്തുണയാണ് വഴിവിട്ട നിയമനങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കും പിന്നിലെന്ന ആക്ഷേപം ശക്തമാണ്. 

Tags:    
News Summary - Transfer through bidding in forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.