കൊച്ചി: കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ‘മാതാപിതാക്കൾ’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജി. അച്ഛനും അമ്മയും എന്ന് പ്രത്യേകം രേഖപ്പെടുത്തുന്നതിന് പകരം ‘മാതാപിതാക്കൾ’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന സഹദും സിയ പാവലുമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഈ ആവശ്യത്തിൽ സർക്കാറിന്‍റെ നിലപാട് തേടിയ ജസ്റ്റിസ് എൻ. നഗരേഷ് ഹരജി വീണ്ടും ജൂലൈ 27ന് പരിഗണിക്കാൻ മാറ്റി.
കോഴിക്കോട് കോർപറേഷനിൽ ജനനം രജിസ്റ്റർ ചെയ്യുകയും 1999ലെ കേരള രജിസ്ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത്ത് റൂൾസ് സെക്ഷൻ 12 പ്രകാരം പിതാവിന്റെ പേര് സിയ പാവൽ (ട്രാൻസ്ജെൻഡർ) എന്നും അമ്മയുടെ പേര് സഹദ് (ട്രാൻസ്ജെൻഡർ) എന്നും രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. കുട്ടിയുടെ ബയോളജിക്കൽ അമ്മ പുരുഷനായി ജീവിക്കുന്നതിനാൽ ‘മാതാപിതാക്കൾ’ എന്നാക്കി സർട്ടിഫിക്കറ്റ് വേണമെന്ന അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതാപിതാക്കൾ എന്ന് രേഖപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർക്ക് കുട്ടിയുണ്ടായത്. കുട്ടിക്ക് പുരുഷൻ ജന്മം നൽകി എന്നത് ഒഴിവാക്കാനാണ് ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളെന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത്. അച്ഛനും അമ്മയും എന്ന് രേഖപ്പെടുത്തുന്നത് കുട്ടിയുടെ സ്കൂൾ പ്രവേശനം, ആധാർ രേഖ, പാസ്പോർട്ട് എന്നിവയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.