തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി. ഫർണസ് ഓയിൽ ഓടയിലൂടെ കടലിലേക്ക് പടർന്നു. ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, രണ്ട് കിലോമീറ്ററോളം ഫർണസ് ഒായിൽ പടർന്നതായി നാട്ടുകാർ പറയുന്നുണ്ട്. എണ്ണ ചോർച്ചയുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
എണ്ണ പടർന്ന മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കടലിലേക്ക് എത്രമാത്രം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും.
ഇന്ന് പുലർച്ചെയോടെയാണ് ചോർച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്ലാസ് പൗഡർ നിർമാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.
വെട്ടുകാട് മുതൽ വേളി വരെ രണ്ടു കിലോമീറ്ററോളം എണ്ണ പടർന്നതായി നാട്ടുകാർ പറഞ്ഞു. മത്സ്യബന്ധനം അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രണ്ടു മാസത്തോളം മീൻപിടിക്കാൻ കഴിയില്ലെന്ന് വി.എസ്. ശിവകുമാർ എംഎൽഎയും പറഞ്ഞു. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.