തിരുവനന്തപുരം: ശമ്പള-പെൻഷൻ ദിനങ്ങൾ കഴിഞ്ഞതോടെ സംസ്ഥാന ട്രഷറി കടുത്ത പണഞെരുക്കത്തിൽ. 10 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറിനൽകേണ്ടതില്ലെന്ന് ട്രഷറികൾക്ക് വാക്കാൽ നിർദേശം നൽകി. ഒാഫിസുകളുടെ വൈദ്യുതി ബില്ലും ദുരിതാശ്വാസ തുകയും അടക്കം നൽകുന്ന സ്പെഷൽ ടി.എസ്.പി അക്കൗണ്ടിലെ ഇടപാടുകൾ നടത്താനാകുന്നില്ല. ഒാൺലൈനിലെ ഇൗ സംവിധാനം ചൊവ്വാഴ്ച പല ട്രഷറികളിലും പ്രവർത്തിച്ചില്ല. കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് നിയന്ത്രണം വന്നുതുടങ്ങിയത്. സമീപകാലത്തെ ഏറ്റവും കടുത്ത നിയന്ത്രണമാണ് ട്രഷറികളിൽ.
മാസത്തിൽ പത്താം തീയതിവരെ ശമ്പള-പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾ മാത്രമേ ട്രഷറികളിൽ നടക്കാറുള്ളൂ. 11 മുതലാണ് സാധാരണ ഇടപാടുകൾ നടക്കേണ്ടത്. നവംബറിൽ 13 മുതലാണ് ഇത്തരം ഇടപാടുകൾ നടക്കേണ്ടത്. എന്നാൽ, അന്നുതന്നെ 10 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്ന നിയന്ത്രണം കൊണ്ടുവരികയായിരുന്നു. ഇത് രേഖാമൂലമല്ല ട്രഷറികൾക്ക് നൽകിയത്. സാധാരണ ട്രഷറി ഡയറക്ടറുടെ നിർദേശം ട്രഷറി ഒാഫിസർമാർക്ക് വരികയാണ് ചെയ്യുന്നതെങ്കിൽ ഇക്കുറി സ്റ്റേറ്റ് കോഒാഡിനറ്റർ, ജില്ല കോഒാഡിനേറ്റർമാർ വഴിയാണ് നിയന്ത്രണനിർദേശം നൽകിയത്. ട്രഷറി നിയന്ത്രണം വന്നതോടെ നിരവധിപേർക്ക് പല സ്ഥലങ്ങളിലും പണം കിട്ടാതെവന്നു. ട്രഷറി അക്കൗണ്ടിൽനിന്ന് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകുന്നതിനും 10 ലക്ഷം രൂപയുടെ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.