തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറി കടുത്ത സമ്മർദത്തിൽ നിൽക്കെ വാർഷിക പദ്ധതിക്കായി മൂന്നു മാസംകൊണ്ട് കണ്ടെത്തേണ്ടത് 20,268 കോടി രൂപ. ഒമ്പത് മാസത്തെ പ്രവർത്തനത്തിൽ പകുതി തുക പോലും ചെലവിടാൻ സർക്കാറിനായില്ല. ശമ്പളവും പെൻഷനും പൂർണമായി നൽകാൻ പെടാപ്പാട് പെടുന്ന ധനവകുപ്പിന് വാർഷിക പദ്ധതി ലക്ഷ്യം വൻ വെല്ലുവിളിയാകും.
പദ്ധതി വെട്ടിക്കുറച്ചോ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയോ മാത്രമേ പിടിച്ചു നിൽക്കാനാകൂ. കേന്ദ്രം അനുവദിച്ച കടപരിധിയിൽ അധികം തുക ഇനി ബാക്കിയില്ല. കൂടുതൽ കടമെടുക്കാൻ അനുമതിക്കും കേന്ദ്രത്തിൽനിന്ന് കിട്ടാൻ ബാക്കിയുള്ളത് വാങ്ങിയെടുക്കാനും ശ്രമം തുടരുകയാണ്. ഇതു ലഭിച്ചില്ലെങ്കിൽ പദ്ധതി അവതാളത്തിലാകും. ബജറ്റ് വാഗ്ദാനങ്ങൾ പലതും കടലാസിലും.
ട്രഷറി ഇടപാടുകളിൽ കടുത്ത നിയന്ത്രണം തുടരുകയാണ്. പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗം വരുന്ന ഘട്ടമായതിനാൽ അടുത്ത മൂന്നു മാസം ട്രഷറികളിലേക്ക് ബില്ലുകളുടെ കുത്തൊഴുക്ക് വരും. കഴിഞ്ഞ വർഷം അവസാന ദിവസങ്ങളിൽ ബില്ലുകളുടെ പണം നൽകുന്നത് തൊട്ടടുത്ത സാമ്പത്തിക വർഷത്തെ ക്യൂവിലേക്ക് മാറ്റിയിരുന്നു. ഇക്കൊല്ലവും പിടിച്ചു നിൽക്കാൻ സമാന രീതികൾ വേണ്ടിവരും. ക്ഷേമ പെൻഷൻ, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത, കരാറുകാരുടെ കുടിശ്ശിക അടക്കം വൻ ബാധ്യത സർക്കാറിന് വേറെയുമുണ്ട്.
ഈ സാമ്പത്തിക വർഷത്തെ മൊത്തം പദ്ധതി 38,629.19 കോടി രൂപയുടേതാണ്. ഡിസംബർ 31 വരെ 47.53 ശതമാനമേ (ഏകദേശം 18,360 കോടി) ചെലവിടാൻ കഴിഞ്ഞുള്ളൂ. തദ്ദേശം ഒഴികെ സംസ്ഥാന പദ്ധതി 22,122 കോടി രൂപയുടേതാണ്. ഇതിൽ വിനിയോഗം 47.72 ശതമാനമേ (10,556 കോടി) ആയിട്ടുള്ളൂ. 8258 കോടിയുടെ തദ്ദേശ പദ്ധതിയിൽ വിനിയോഗം 48.22 ശതമാനം (3982 കോടി) മാത്രമാണ്. കേന്ദ്ര സഹായ പദ്ധതികൾ 8259.19 കോടിയുടേതാണെങ്കിലും 46.23 ശതമാനമേ ആയിട്ടുള്ളൂ.
ഇക്കൊല്ലത്തെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം നേരിയ ഇളവ് നൽകിയത് സംസ്ഥാനത്തിന് നേരിയ ആശ്വാസമായി. കിഫ്ബി വഴി എടുത്ത കടമടക്കം തട്ടിക്കിഴിച്ച ശേഷം ഇക്കൊല്ലം 20,521.33 കോടി രൂപയാണ് പൊതുകടമായി എടുക്കാൻ ആദ്യം അനുവദിച്ചത്. ഇതിൽ ഭൂരിഭാഗവും എടുത്തു കഴിഞ്ഞു. കിഫ്ബി, പെൻഷൻ ഫണ്ട് എന്നിവ വഴി നേരത്തേ എടുത്ത തുക സംസ്ഥാന കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിൽ കുറവ് വരുത്തിയ 3140.70 കോടി ഇക്കൊല്ലം കുറക്കേണ്ടതില്ലെന്ന ധാരണ വലിയ ആശ്വാസമാകും.
ഇതോടെ ഇത്ര തുക കൂടി കടമെടുക്കാൻ കഴിയും. ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം 5850 കോടി നൽകിയിരുന്നു. ഈ തുക കിഫ്ബി കടമെടുത്ത് നൽകിയതാണ്. ഈ തുക കടപരിധിയിൽ കുറച്ചത് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായി 3000 കോടിയോളം അധിക കടമെടുപ്പ് കഴിയും. എന്നാൽ, 752 കോടിയുടെ കെ.എസ്.ഇ.ബി ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.