റോഡ് നിർമാണത്തിന്റെ മറപറ്റി പുറമ്പോക്കിൽ നിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചു കടത്തി

നെടുമങ്ങാട് : റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ റവന്യു പുറമ്പോക്കില്‍ നിന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. പനവൂര്‍-ആട്ടുകാല്‍ റോഡ് നിര്‍മാണത്തിന്റെ മറവിലാണ് ഈ അനധികൃത മരംമുറി. റോഡ് വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തുള്ള 30ല്‍ താഴെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പും പൊതുമരാമത്തും നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിലധികവും പാഴ്മരങ്ങളായിരുന്നു. അളന്നുതിട്ടപ്പെടുത്തി വിലയിട്ട മരങ്ങള്‍ നേരത്തെ തന്നെ മുറിച്ച് കഷണങ്ങളാക്കി അതാത് സ്ഥലങ്ങളില്‍ അട്ടിയടുക്കി. എന്നാല്‍ ഈ അവസരം മുതലാക്കി റവന്യുപുറംപോക്കില്‍ നിന്ന ആഞ്ഞിലി, പ്ലാവ് ഉള്‍പ്പെടേയുള്ള മരങ്ങള്‍ മുറിച്ച് കടത്തുകയായിരുന്നു.

നിരവധി ലോഡ് മരങ്ങൾ കടത്തിയ ശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ പിന്നീടുള്ള ലോഡുകൾ നാട്ടുകാര്‍ തടയുകയായിരുന്നു. പനവൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു താഴെ നടന്ന ഈ മരംകൊള്ള അപ്പോള്‍ തന്നെ നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജനങ്ങൾ ആരോപിച്ചു. പഞ്ചായത്തുമായി വളരെ അടുത്ത ബന്ധമുള്ള ചിലരാണ് മരങ്ങള്‍ മുറിച്ചുകടതിയതെന്ന് നാട്ടുകാര്‍ പറയുന്നു.

രാത്രിയാണ് ഇവിടെ നിന്നും മരങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതാണ് സംശയത്തിനിടനല്‍കിയത്. വനംവകുപ്പ് നല്‍കിയ അനുമതിയുടെ മറവില്‍ ലക്ഷങ്ങള്‍ വില വരുന്ന മരങ്ങളാണ് റോഡുപുറംമ്പോക്കില്‍ നിന്നും മുറിച്ചുമാറ്റിയത്. മരംമുറിയുടെ രഹസ്യങ്ങള്‍ പുറത്തായതോടെ പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആര്‍.ഡി.ഒ,പോലീസ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എം.എല്‍.എ എന്നിവര്‍ക്ക് രേഖാമൂലം പരാതി.

Tags:    
News Summary - trees cut down from the outcrop under the guise of road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.