തിരുവനന്തപുരം: ചങ്ങനാശ്ശേരി നിയമസഭാ സീറ്റിെൻറ പേരിലുള്ള കേരള കോൺഗ്രസ് എം-സി.പി.െഎ തർക്കത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് കൂടി തലയിട്ടതോടെ എൽ.ഡി.എഫിൽ സീറ്റ് ചർച്ച വഴിമുട്ടി. സീറ്റിൽ ധാരണയുണ്ടാക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം വെള്ളിയാഴ്ച സി.പി.െഎ നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും.
കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിന് പകരമായാണ് സി.പി.െഎ ചങ്ങനാശ്ശേരി ആവശ്യപ്പെട്ടത്. അവിഭക്ത കേരള കോൺഗ്രസ് -എമ്മിന് വേണ്ടി സി.എഫ്. തോമസ് നാല് പതിറ്റാണ്ട് വിജയിച്ച ചങ്ങനാശ്ശേരി വേണമെന്ന നിലപാടായിരുന്നു ജോസ് കെ. മാണി ആദ്യം സ്വീകരിച്ചതെങ്കിലും തിരുവമ്പാടി സി.പി.എം വിട്ടുനൽകിയാൽ ധാരണയിലെത്താമെന്ന് അറിയിച്ചു.
എന്നാൽ, സിറ്റിങ് സീറ്റായ തിരുവമ്പാടി വിട്ടുനൽകാനാകില്ലെന്ന നിലപാടാണ് സി.പി.എം നേതൃത്വം അറിയിച്ചത്. അതിനിടെയാണ് ചെയർമാൻ ഡോ. കെ.സി. ജോസഫിനുവേണ്ടി ചങ്ങനാശ്ശേരി വേണമെന്ന ആവശ്യം ജനാധിപത്യ കേരള കോൺഗ്രസ് ഉന്നയിച്ചത്. സി.പി.െഎയും ചങ്ങനാശ്ശേരിക്ക് മേലുള്ള അവകാശവാദത്തിൽനിന്ന് പിന്മാറാൻ തയാറല്ല. ഇതോടെ സമവായം കണ്ടെത്തേണ്ട ബാധ്യത സി.പി.എമ്മിെൻറ ചുമലിലായി.
വെള്ളിയാഴ്ച സി.പി.െഎയുമായുള്ള ചർച്ചയിൽ ധാരണയിലെത്താനാണ് സി.പി.എം ശ്രമം. ഇരിക്കൂർ മണ്ഡലം വിട്ടുകൊടുക്കുന്നതിന് പകരം കണ്ണൂർ ജില്ലയിൽ പകരം സീറ്റ് വേണമെന്ന ആവശ്യവും സി.പി.െഎക്കുണ്ട്. സി.പി.െഎയുമായുള്ള ചർച്ചക്കുശേഷമാകും ജോസ് വിഭാഗവുമായുള്ള സി.പി.എം നേതൃത്വത്തിെൻറ കൂടിക്കാഴ്ച. സി.പി.എം മാർച്ച് അഞ്ച്, ആറ് തീയതികളിലും സി.പി.െഎ ഒമ്പതോടെയും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് തീരുമാനം.
മാർച്ച് 10ന് എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക ഒരുമിച്ച് പ്രഖ്യാപിക്കാനാണ് നേതൃത്വത്തിെൻറ ലക്ഷ്യം. അതേസമയം എല്ലാ ജില്ലയിലും മാർച്ച് 11-13 തീയതികളിൽ മണ്ഡലം കൺവെൻഷനുകളും 14-16 തീയതികളിൽ മേഖലാ കൺവെൻഷനുകളും ചേരാൻ എൽ.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ല മുന്നണി നേതൃത്വത്തിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.