കോഴിക്കോട് : ആദിവാസി ഭൂമി കൈയേറ്റത്തിന്റെ വസ്തുതകൾ അന്വേഷിക്കാൻ കെ.കെ രമ എം.എൽ.എ നാളെ അട്ടപ്പാടിയിൽ. ആദിവാസികളെ വംശീയമായി തുടച്ചു നീക്കി ഭൂമി പിടിച്ചെടുക്കാൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് നീക്കം നടത്തുന്നുവെന്ന ആദിവാസികളുടെ പരാതി അന്വേഷിക്കാനാണ് അട്ടപ്പാടി സന്ദർശിക്കുന്നത്.
കേരളത്തിലെ ദലിത് -ആദിവാസി -ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും വസ്തുത അന്വേഷണ സംഘത്തോടൊപ്പം പങ്കെടുക്കുമെന്ന് സുകുമാരൻ അട്ടപ്പാടി മാധ്യമം ഓൺലൈനോട് പറഞ്ഞു. അട്ടപ്പാടിയുടെ ചരിത്രത്തിലെ വൻഭൂമി കൈയേറ്റമാണ് സമീപകാലത്ത് ഭൂമാഫിയ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂപരിധിയിൽ ഇളവ് കിട്ടാൻ വേണ്ടി പലരും ട്രസ്റ്റുകൾ രൂപീകരിച്ചാണ് ഭൂമി കൈയേറ്റം നടത്തുന്നത്. പല ട്രസ്റ്റുകളുടെയും അംഗങ്ങൾ ഒരു കുടുംബത്തിലെ സഹോദരങ്ങളാണ്. അവരിൽ ചിലർ റിസോർട്ടുകളും നിർമിച്ചു.
വനഭൂമിയോട് ചേർന്ന റവന്യൂ ഭൂമിയും സർവേ ചെയ്തിട്ടില്ലാത്ത ഭൂമിയും ആദിവാസികൾ പാരമ്പര്യമായി കന്നുകാലി വളർത്തുന്ന പ്രദേശങ്ങളും ഭൂമാഫിയ കൈയേറുന്നുണ്ടെന്നാണ് ആദിവാസികളുടെ പരാതി. ലാൻഡ് റവന്യൂ കമീഷണർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, പാലക്കാട് കലക്ടർ തുടങ്ങിയവർക്ക് ആദിവാസികൾ നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ പരാതികളിന്മേൽ റവന്യൂ വകുപ്പ് ഗൗരവമായ അന്വേഷണം നടക്കുത്തുന്നില്ലെന്നും ആദിവാസികൾ ആരോപിക്കുന്നു.
ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കുന്ന മാഫിയ സംഘത്തിനെതിരെ എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്. എന്നാൽ റവന്യൂവകുപ്പോ സർക്കാർ സംവിധാനമോ ഇതിന് തയാറാകുന്നില്ല. അട്ടപ്പാടിയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഭൂ മാഫിയകളുമായിട്ടുള്ള ബന്ധം സുതാര്യമായ അന്വേഷണത്തെ തടയുന്നു. അതിനാൽ വില്ലേജ് - താലൂക്ക് ഓഫിസുകളിലെ റിപ്പോർട്ടുകൾ ആദിവാസികൾക്ക് എതിരാകുന്നുവെന്നാണ് അവരുടെ ആരോപണം.
കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരന്റെ നിർദേശ പ്രകാരമാണ്ആദിവാസികളുടെ പരാതികളെല്ലാം പരിശോധിക്കുന്നതിനും ആദിവാസി ഭൂമി കൈയേറ്റം നേരിൽ കാണുന്നതിനും കെ.കെ രമയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അട്ടപ്പാടിയിൽ സന്ദർശനം നടത്തുന്നത്. രാവിലെ 9.30ന് ആനക്കട്ടിയിൽ ഭൂമി കൈയേറ്റം നടന്ന അദ്വാനപ്പെട്ടിയിലേക്ക് സംഘം യാത്ര ആരംഭിക്കും. വസ്തുത അന്വേഷണ റിപ്പോർട്ട് നിയമസഭ സ്പീർക്കാർ നൽകുമെന്ന് വി.എം സുധീരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ ഭൂമി തട്ടിയെടുക്കാൻ ഭൂമാഫിയ ശ്രമം നടത്തിയപ്പോൾ 1980 കളിൽ നിയമസഭയിൽ കെ.വി സുരേന്ദ്രനാഥ് എം.എൽ.എയാണ് സബി മിഷൻ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ നിയമസഭയിലെ ഇടപെടലാണ് ഫാം ഭൂമി തിരിച്ചു പിടിക്കുവാൻ കാരണമായത്. അതുപോലെയാണ് കെ.കെ രമ എം.എൽ.എ കഴിഞ്ഞ നിയമസഭയിൽ ഗായിക നഞ്ചിയമ്മ അടക്കമുള്ള ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ട പ്രശ്നം നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചിരുന്നു. നാളെ നടത്തുന്ന വസ്തുതാന്വേഷണം അട്ടപ്പാടിയിലെ ആദിവാസി ഭൂമി വിഷയത്തിൽ നിർണായക ഇടപെടലാവുമെന്ന് വട്ടലക്കി ഊരിലെ ടി.ആർ ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.