കോഴിക്കോട് : അട്ടപ്പാടി പൊലീസ് സ്റ്റേഷന് സമീപം ഭൂമി കൈയേറുന്നതിനെതിരെ ആദിവാസി കുടുംബം മുഖ്യമന്ത്രിക്ക് പരാതി അയച്ചു. അഗളി മേലെ ഊരിലെ മല്ലീശ്വരിയും കുടുംബവുമാണ് മുത്തച്ഛൻ പോത്തയുടെ പേരിൽ പട്ടയമുള്ള ഭൂമിയിലെ വേലി പൊളിച്ചതിനെതിരെ പരാതി നൽകിയത്. അഗളി വില്ലേജിൽ ഉൾപ്പെട്ട സർവേ നമ്പർ 1129/2 ൽ ഉൾപ്പെട്ട 5.60 ഏക്കർ ഭൂമിക്ക് മുത്തച്ഛന് 1975 ൽ പട്ടയം ലഭിച്ചിരുന്നുവെന്ന് മല്ലീശ്വരി മാധ്യമം ഓൺലൈനോട് പറഞ്ഞു.
എന്നാൽ, ഈ ഭൂമി കൈയേറി ചിലർ ഷെഡ് കെട്ടിയതിനെതിരെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് (എസ്,എം.എസ്) പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. തുടർന്ന് ഭൂമി കൈയേറിയവർ കെട്ടിയ ഷെഡ് ആദിവാസികൾ തന്നെ മെയ് 14ന് പൊളിച്ചു നീക്കി ഭൂമി തിരിച്ചു പിടിച്ചിരുന്നു.
ആദിവാസികൾ ഭൂമി തിരിച്ചു പിടിച്ച് വേലികെട്ടിയതോടെയാണ് കൈയേറ്റക്കാരിൽനിന്ന് വീണ്ടും എതിർപ്പ് ഉയർന്നത്. രണ്ട് ദിവസം മുമ്പ് രാത്രി സ്ഥലത്തെ വേലി പൊളിച്ചു. ചിലർ മുഖംമൂടി ധരിച്ചാണ് വേലിപൊളിച്ചതെന്ന പരാതിയിൽ പറയുന്നു.പരാതി നൽകിയപ്പോൾ അഗളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് താലൂക്ക് തഹസിൽദാർ ഭൂമിയുടെ കിടപ്പിനെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതുവരെ ആരും ഭൂമിയിൽ പോകരുതെന്ന് സബ് ഇൻസ്പെക്ടർ നിർദേശം നൽകി.
താലൂക്ക് -വില്ലേജ് രേഖകളിൽ ഈ ഭൂമി പോത്തക്ക് പട്ടയം കിട്ടിയ ഭൂമിയാണെന്ന് പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പോത്ത മരിക്കുന്നതുവരെ ആർക്കും ഭൂമി വിറ്റിട്ടില്ല. പോത്തയുടെ മരണശേഷമാണ് ചിലർ ഭൂമി കൈയേറിയത്. ഇതിനെതിരെ പാലക്കാട് കലക്ടർക്കും ആദിവാസികൾ പരാതി നൽകിയിരുന്നു. എന്നാൽ, റവന്യൂ അധികൃതരും നടപടി സ്വീകരിച്ചില്ല.
പൊലീസ് സ്റ്റേഷന് മുന്നിലെ ഭൂമിയിലെ വേലി പൊലീസിന്റെ സമ്മതത്തോടെ കരുതിക്കൂട്ടിയാണ് പൊളിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ആദിവാസി ഭൂമി കൈയേറുന്നതിന് രാഷ്ട്രീയ- പൊലീസ് - ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടത്തിയെന്നും മല്ലീശ്വരി ആരോപിച്ചു. അഗളി പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ വേലി പൊളിച്ചവരെ കണ്ടെത്താവാവും. ആദിവാസികൾക്കെതിരെ അതിക്രമം നടത്തി ഭൂമി തട്ടിയെടുക്കാൻ പൊലീസും സഹായം നൽകുന്നുവെന്നും ഇക്കാര്യത്തിൽ നീതി ലഭിക്കണമെന്നും മല്ലീശ്വരി മുഖ്യമത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.