പട്ടികജാതി-വര്‍ഗ വിദ്യാഭ്യാസ ആനുകൂല്യം 50 ശതമാനം വര്‍ധിപ്പിക്കും –മന്ത്രി ബാലന്‍


എല്ലാ ജില്ലകളിലും പട്ടികജാതി വിഭാഗക്കാര്‍ക്ക് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുക ലക്ഷ്യം
ഹരിപ്പാട്: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. എല്ലാ ജില്ലകളിലും പട്ടികജാതി വിഭാഗക്കാര്‍ക്ക് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യഘട്ടമായി ഇപ്പോള്‍ 250കോടി ചെലവില്‍ 10 എം.ആര്‍.എസുകള്‍ തുടങ്ങും. ഇതില്‍ ഒരെണ്ണം സ്പോര്‍ട്സ് സ്കൂള്‍ ആയിരിക്കും. നിലവിലെ എം.ആര്‍.എസുകള്‍ മികവിന്‍െറ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗങ്ങള്‍ക്കുവേണ്ടിയുള്ള 248 ഹോസ്റ്റലുകള്‍ മെച്ചപ്പെട്ട രീതിയില്‍ നവീകരിക്കും.
മൂന്നുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് എല്ലാവര്‍ക്കും വീടും സ്ഥലവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. പണി പൂര്‍ത്തിയാകാതെകിടക്കുന്ന പട്ടികജാതിക്കാരുടെ 33,000 വീടുകളും പട്ടികവര്‍ഗത്തിന്‍െറ 16,000 വീടുകളും പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചു.

വീടിനൊപ്പം 10,000 പഠനമുറികള്‍ സജ്ജീകരിക്കും. ഇതിനായി ഓരോ മുറിക്കും രണ്ടുലക്ഷം ചെലവഴിക്കും. പട്ടിക വര്‍ഗക്കാര്‍ക്കായി കമ്യൂണിറ്റി പഠനമുറികളും സജ്ജമാക്കും. വിവാഹ ധനസഹായം ഒരുലക്ഷം രൂപയാക്കും സംസ്ഥാനത്തെ 889 വിദ്യാര്‍ഥികള്‍ക്ക് ഒരുകോടി മുപ്പത്തഞ്ചുലക്ഷം രൂപ ചെലവില്‍ അര പവന്‍ വീതമുള്ള സ്വര്‍ണപ്പതക്കമാണ് നല്‍കിയത്.

ഹരിപ്പാട്ട് നടന്ന ചടങ്ങില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നത്തെിയ 140 വിദ്യാര്‍ഥികള്‍ക്ക് പതക്കം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയെങ്കിലും  അസുഖത്തത്തെുടര്‍ന്ന് മരണപ്പെട്ട മാന്നാര്‍ പാവുക്കര ജയാഭവനില്‍ ജെ. അഞ്ജലിക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

അഞ്ജലിക്കുവേണ്ടി മാതാവ് പതക്കം മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രഫ. സുധ സുശീലന്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി.

 

Tags:    
News Summary - TRIBAL WELFARE FUND INCREASE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.