തൃശൂർ: തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വ്യാപക വിമർരശനത്തിനിടെ, ആദിവാസികളെ ഷോക്കേസിൽ വെക്കരുതെന്നാണ് തന്‍റെ നിലപാടെന്ന് വ്യക്തമാക്കി മന്ത്രി കെ. രാധാകൃഷ്ണൻ.
വ്യക്തിപരമായ അഭിപ്രായം ഇവരെ ഷോക്കേസിൽ വെക്കാൻ പാടില്ലെന്നാണ്. ഒരുകാരണവശാലും ആദിവാസി ജനവിഭാഗങ്ങളെ ഷോക്കേസിൽ വെക്കേണ്ട ജനതയാണ് എന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നതും ശരിയല്ല -മന്ത്രി പറഞ്ഞു.
അവരെ ഷോക്കേസിൽ പ്രദർശിപ്പിക്കേണ്ട വസ്തുവായി കാണാൻ പാടില്ല. അത് തെറ്റായ സന്ദേശമാണ്. ഇവിടെ സംഭവിച്ചത് എന്താണെന്ന് പരിശോധിച്ച് നടപടിയുണ്ടാകും. ഫോക്‌ലോർ അക്കാദമിയാണ് അത് ചെയ്തിരിക്കുന്നത്. പാളിച്ചകളുണ്ടായോ എന്ന് അവർ പരിശോധിക്കണം -മന്ത്രി വ്യക്തമാക്കി.
കേരളീയം പരിപാടിയുടെ ഭാഗമായാണ് ഫോക്‌ലോർ അക്കാദമി ആദിമം എന്ന പേരിൽ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി മ്യൂസിയം തയാറാക്കിയത്. ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇവരെ കുടിലുകൾക്ക് മുമ്പിൽ ഇരുത്തിയിരിക്കുകയാണ്. പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. ഇതോടെ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന് വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ആദിവാസികൾ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയതാണെന്നും വിമർശകർ നിക്ഷിപ്ത താല്പര്യക്കാരാണെന്നുമാണ് ഫോക്‌ലോർ അക്കാദമിയുടെ ന്യായീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.