ഡോ. സിസക്ക് തിരുവനന്തപുരത്തുതന്നെ നിയമനം നൽകാൻ ട്രൈബ്യൂണൽ ഉത്തരവ്

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയന്‍റ് ഡയറക്ടർ തസ്തികയിൽനിന്ന് മാറ്റിയ സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി ഡോ. സിസ തോമസിന് തിരുവനന്തപുരത്തുതന്നെ നിയമനം നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. സീനിയർ ജോയന്‍റ് ഡയറക്ടർ തസ്തികയിൽനിന്ന് മാറ്റിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സിസ തോമസ് സമർപ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണൽ ഉത്തരവ്.

സിസ തോമസ് മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തുതന്നെ അനുയോജ്യ തസ്തികയിൽ നിയമിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സാങ്കേതിക സർവകലാശാല വി.സി പദവിയിൽനിന്ന് സുപ്രീംകോടതി വിധിയെ തുടർന്ന് പുറത്തായ ഡോ.എം.എസ്. രാജശ്രീ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് മാതൃവകുപ്പായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ തിരികെ പ്രവേശിക്കാൻ സർക്കാറിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് രാജശ്രീയെ ഡോ. സിസ ചുമതല വഹിച്ചിരുന്ന സീനിയർ ജോയന്‍റ് ഡയറക്ടർ തസ്തികയിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

സിസയുടെ നിയമനം സംബന്ധിച്ച് പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തിന് പുറത്തുള്ള തസ്തികയിൽ നിയമിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഡോ. സിസ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും. തിരുവനന്തപുരത്തിന് പുറത്തുള്ള തസ്തികയിൽ നിയമനം നടത്തിയാൽ ഡോ. സിസക്ക് വി.സിയുടെ അധിക ചുമതല നിർവഹിക്കാൻ സാധിക്കാതെ വരും.

നേരത്തേ സർക്കാർ ശിപാർശ തള്ളിയാണ് ഡോ. സിസയെ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്. 

Tags:    
News Summary - Tribunal order to appoint Dr. Sisa in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.