തൃശൂർ: ആർപ്പുവിളികളുയർന്നു...തട്ടകക്കാരുടെ കൈകളാൽ കൊടിമരങ്ങളുയർന്നു. മണ്ണില ും മനസ്സിലും ഇനി മേളങ്ങളും പൂരക്കാഴ്ചകളും.... തൃശൂർ പൂരത്തിന് കൊടിയേറി. പ്രധാന പങ്കാള ി ക്ഷേത്രങ്ങളായ തിരുവമ്പാടിയിൽ പതിനൊന്നരയോടെയും പാറമേക്കാവിൽ 12നുമായിരുന്നു കൊ ടിയേറ്റ്.
തിരുവമ്പാടി ക്ഷേത്രത്തിൽ പാരമ്പര്യാവകാശികൾ ഭൂമി പൂജ നടത്തി, ചെത്തിമിനുക്കി ആലിലയും മാവിലയും ദർഭയും ചേർത്ത് അലങ്കരിച്ച കവുങ്ങിൻ കൊടിമരത്തിൽ ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ തന്ത്രിയും മേൽശാന്തിയും ചേർന്ന് ദേവസ്വം പ്രതിനിധിക്ക് കൈമാറി. ദേശക്കാർ കൊടിമരത്തിൽ കെട്ടിയുയർത്തി.
പാറമേക്കാവ് ക്ഷേത്ര ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ ദേശക്കാർ ഏറ്റുവാങ്ങി പാരമ്പര്യാവകാശികൾ ഒരുക്കിയ മരത്തിൽ കൊടികെട്ടി ദേശക്കാർ ചേർന്ന് ഉയർത്തി. സിംഹമുദ്രയുള്ള കൊടിക്കൂറയാണ് പാറമേക്കാവ് ഉപയോഗിച്ചത്. മന്ത്രി വി.എസ്. സുനിൽകുമാർ, മേയർ അജിത വിജയൻ എന്നിവരും തൃശൂർ പൂരത്തിെൻറ കൊടിയേറ്റിൽ പങ്കുചേർന്നു.
പാറമേക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം വലിയ പാണി കൊട്ടി അഞ്ചാനപ്പുറത്ത് ഭഗവതി പുറത്തേക്കെഴുന്നള്ളി. പുറത്ത് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അരങ്ങേറി. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ മണികണ്ഠനാലിലും നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവിലെ പാലമരത്തിലും ദേശക്കാർ കൊടി നാട്ടി. ബ്രഹ്മസ്വം മഠത്തിലും വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണി കുളത്തിലും ആറാട്ടിന് ശേഷം ഭഗവതിമാർ തിരിച്ചെഴുന്നള്ളി. ബുധനാഴ്ച മുതൽ ദേശപ്പറയെടുപ്പിനായി ഭഗവതിമാർ ഇറങ്ങും. ഘടക ക്ഷേത്രങ്ങളിൽ ആദ്യം ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് കൊടിയേറിയത്.
അവസാനം കൊടിയേറിയത് ചൂരക്കാട്ടുകാവിലാണ്, രാത്രി എട്ടോടെ. 13നാണ് പൂരം, 11ന് സാമ്പിൾ വെടിക്കെട്ട്. 12ന് വിളംബരമറിയിക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിെൻറ തെക്കേഗോപുര വാതിൽ നെയ്തലക്കാവ് ഭഗവതി തുറക്കും. പൂരം കൊടിയേറിയതോടെ തൃശൂരിെൻറ മനസാകെ പൂരാവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.