തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പവകാശം അദാനി സ്വന്തമാക്കിയെങ്കിലും സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പിടിെല്ലന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. കരാര്‍ ഒപ്പിടാതെ വിമാനത്താവള നടത്തിപ്പുമായി അദാനിക്ക് മുന്നോട്ടുപോകാനാവില്ല. പാട്ടക്കരാര്‍ ഒപ്പിടുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ഇൗ കരാര്‍ അനിവാര്യമാണ്. വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കം സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ളതാണ് സ്റ്റേറ്റ് സപ്പോര്‍ട്ട് കരാര്‍.
നിലവില്‍ വിമാനത്താവളത്തിെൻറ ബേസിക് സ്ട്രിപ്പിനായി ചാക്കയില്‍നിന്ന് 13 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചെങ്കിലും അദാനി വന്നതോടെ പിന്‍വാങ്ങി. ബേസിക് സ്ട്രിപ് ഇല്ലാത്തതിനാൽ സുരക്ഷാ ഏജന്‍സിയുടെ താൽക്കാലിക ലൈസന്‍സിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. സ്ഥലം കിട്ടാതെവന്നാല്‍ വിമാനത്താവളത്തിന് ലൈസന്‍സ് തന്നെ നഷ്ടമാകും.
ഇതിനുപുറമെ ഇൻറഗ്രേറ്റഡ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കാനും വലിയ വിമാനങ്ങൾ സുഗമമായി ഇറങ്ങുന്നതിന് റണ്‍വേ വികസിപ്പിക്കുന്നതിനുമായി വള്ളക്കടവ്-വയ്യാമൂല പ്രദേശത്ത് 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള നടപടിയും നിർത്തിവെച്ചിരിക്കുകയാണ്. ഏവിയേഷന്‍ പോളിസി അനുസരിച്ച് കേന്ദ്ര ഗവണ്മെൻറിന് കീഴില്‍വരുന്ന വിമാനത്താവളങ്ങൾക്ക് വികസനത്തിന് ഭൂമിയേെറ്റടുത്ത് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്.
എന്നാൽ, വിമാനത്താവള സ്വകാര്യവത്കരണലേലത്തില് വ്യവസ്ഥകളെല്ലാം അംഗീകരിച്ച് പങ്കെടുത്ത് രണ്ടാമതായപ്പോഴാണ് സംസ്ഥാനം എതിര്‍പ്പുകള്‍ ഉന്നയിക്കുന്നതെന്നാണ് കേന്ദ്രത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.