തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സർക്കാറിനും സി.പി.എമ്മിനും പ്രഹരമായി. കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്ന് കഴിയുന്നിടത്തോളം അകന്നുനിൽക്കുന്ന മുഖ്യമന്ത്രിക്കും സർക്കാറിനും തള്ളാവുന്നതല്ല പുറത്തുവന്ന വിവരങ്ങൾ. ഇത് തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും ക്ഷീണമാണ്.
സ്വർണക്കടത്ത് ആസൂത്രണം മുഖ്യമന്ത്രിയുടെ ഒാഫിസാണെന്ന പ്രതിപക്ഷ ആരോപണത്തിന് കൂടുതൽ സാധുത വരുന്നതാണ് അന്വേഷണ ഏജൻസി റിപ്പോർെട്ടന്നത് വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളവർ കളങ്കിതരെന്ന ആരോപണത്തെ തള്ളലും എളുപ്പമാകില്ല. പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരായ വിജിലൻസ് അന്വേഷണത്തിനും എം.എൽ.എമാരുടെ അറസ്റ്റിനും പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന ആരോപണവും തിരിഞ്ഞുകുത്തും. മടിയിൽ കനമുള്ളതിനാലാണ് ശ്രദ്ധതിരിക്കാനുള്ള അന്വേഷണമെന്ന ആക്ഷേപം പ്രതിരോധിക്കാൻ എൽ.ഡി.എഫിനും വിയർക്കേണ്ടിവരും. മുഖ്യമന്ത്രിയെ സ്വർണക്കടത്ത് കേസിെൻറ കേന്ദ്ര ബിന്ദുവാക്കാൻ അവസരം ലഭിച്ച പ്രതിപക്ഷം, ഫലത്തിൽ പ്രചാരണത്തിന് ഇറങ്ങും മുേമ്പ ഒരടി മുന്നിലുമായി.
നയതന്ത്രചാനൽ സ്വർണക്കടത്ത് കേസ് ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഒാഫിസിലെ അദ്ദേഹത്തിെൻറ സംഘത്തിനുകൂടി അറിയാമെന്നതിന് രാഷ്ട്രീയ- നിയമ മാനങ്ങൾ ഏറെയാണ്. ഇൗ 'പാപഭാരം' പേറുക സർക്കാറിനും മുന്നണിക്കും ആശാസ്യവുമാകില്ല. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരിക്കെയാണ് കൂടുതൽ വിവരങ്ങളുടെ വരവ്. സി.പി.എം, എൽ.ഡി.എഫ് നേതൃത്വം വിശദീകരണത്തിന് ആദ്യദിവസം തയാറായില്ലെന്നതുതന്നെ രാഷ്ട്രീയ പരീക്ഷണത്തിെൻറ വ്യാപ്തി കാണിക്കുന്നു.
രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ ഒാഫിസിൽ സി.പി.എം നിയമിച്ചവർ പ്രതികളാകുന്നതിെൻറയും അറസ്റ്റിലാകുന്നതിെൻറയും ഗൗരവം നേതൃത്വം തിരിച്ചറിയുന്നു. വിവരങ്ങൾ പുറത്തുവന്നതിന് പുറമെ സംസ്ഥാന നേതൃത്വം പരിക്ക് കുറയ്ക്കുന്നതിെൻറയും രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിെൻറയും കൂടിയാലോചനയിലേക്ക് കടന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് ഒൗദ്യോഗികമായി നിലപാട് വ്യക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.