ബേപ്പൂർ: ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പതിവുപോലെ ഇത്തവണയും 52 ദിവസമാണ് നിരോധന കാലയളവ്. ആഴക്കടലിൽ മീൻപിടിത്തത്തിന് പോയിട്ടുള്ള യന്ത്രവത്കൃത ബോട്ടുകള്‍ മിക്കതും മത്സ്യബന്ധനം അവസാനിപ്പിച്ച് ഹാർബറിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ളത് ഞായറാഴ്ച വൈകീട്ടോടെ തിരിച്ചെത്തും. കരയിലും കടലിലും നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫിഷറീസ് വകുപ്പ് നേരത്തെ നൽകിക്കഴിഞ്ഞു. ഞായറാഴ്ച അർധരാത്രിയോടെ എല്ലാ ബോട്ടുകളും ഹാർബറിൽ തിരിച്ചെത്തണമെന്നാണ് കർശന നിര്‍ദേശം.
ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരുമടക്കം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളുകളായിരിക്കും. ഉള്‍ഗ്രാമങ്ങളിലേക്കടക്കം മീനെത്തിച്ച് വില്പന നടത്തുന്ന തൊഴിലാളികള്‍ക്കും ട്രോളിങ് കാലം ഇല്ലായ്മയുടെ കാലമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നത് ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ചാണ്. എഴുനൂറിലധികം വലുതും ചെറുതുമായ ബോട്ടുകളാണ് ബേപ്പൂർ ഹാർബറിൽനിന്ന് മീൻപിടിത്തത്തിനായി പോകുന്നത്. ട്രോളിങ് നിരോധനത്തോടെ ഹാർബറിൽ ബോട്ടുകൾ ഒരുമിച്ച് കെട്ടിയിടുന്നതിനുള്ള സൗകര്യമില്ല. തൊട്ടടുത്ത ചാലിയം, കരുവൻതിരുത്തി, ബി.സി റോഡിലെ ചീർപ്പ് പാലം തുടങ്ങിയ സ്ഥലങ്ങളിലെ നദിക്കരയിലാണ് സുരക്ഷിതമാക്കി നിർത്തുക.
ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഏതാനും ബോട്ടുകൾ മത്സ്യലഭ്യത കുറഞ്ഞതിനാൽ ഹാർബറിലെ പരിമിതമായ സൗകര്യത്തിൽ നങ്കൂരമിട്ട് നിർത്തിയിട്ടുണ്ട്.
നിരോധന കാലയളവിൽ വലിയ ബോട്ടുകളിലെ ജി.പി.എസ്, എക്കോ സൗണ്ടർ, വയർലെസ്, തുടങ്ങിയ വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കും. വലയും മറ്റു മീൻപിടിത്ത ഉപകരണങ്ങളും ബോട്ടുകളിൽ തന്നെയുള്ള സ്റ്റോറേജുകളിലാണ് സൂക്ഷിക്കുക. ചെറിയ ബോട്ടുകാർ റോപ്പ്, വല, ബോക്സുകൾ തുടങ്ങിയവ വീടുകളിലേക്കും പ്രത്യേക ഷെഡ്ഡുകളിലേക്കും മാറ്റും.
യന്ത്രവത്കൃത ബോട്ടുകൾ വർധിച്ചെങ്കിലും കടലിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികൾ പിന്തുടരുന്നതിനാൽ കടൽസമ്പത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
ദിവസങ്ങളോളം വല വലിച്ചിട്ടും വർധിച്ച ഡീസൽ ചെലവ് പോലും കിട്ടാതെ തിരിച്ചുവന്ന ബോട്ടുകളായിരുന്നു മിക്കതും. ഇത് കാരണം കുറെ ബോട്ടുകൾ കരുവൻതിരുത്തി, ചാലിയം ഭാഗങ്ങളിലും മറ്റും നേരത്തെതന്നെ കെട്ടിയിട്ട നിലയിലാണ്.
ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് തീരമേഖലയില്‍ മുൻവർഷങ്ങളേക്കാളും സുരക്ഷ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീന്‍പിടിത്തത്തിന് അനുവാദമുണ്ട്.
ഔട്ട് ബോർഡ്, ഇൻ ബോർഡ് എൻജിനുകൾ ഘടിപ്പിച്ച വഞ്ചികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല. ഇനി 52 നാള് തീരദേശങ്ങളിൽ വറുതിയാകുമെങ്കിലും, പുതിയ സീസണിലെ ചാകരക്കൊയ്ത്ത് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലായിരിക്കും കടലിന്റെ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.