തിരുവനന്തപുരം/കൊച്ചി: ട്രോളിങ് നിരോധനം സംബന്ധിച്ച കഴിഞ്ഞദിവസത്തെ ഹൈകോടതി വിധി ബാധകമാകുന്നത് കടലിെൻറ അടിത്തട്ടിലെ മത്സ്യസമ്പത്ത് കോരിയെടുക്കുന്ന ട്രോൾ വല ഉപയോഗിച്ചുള്ള മീൻപിടിത്തത്തിനു മാത്രം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇത് ഉപയോഗിക്കാത്തതിനാൽ വിലക്കിെൻറ പരിധിയിൽ വരില്ലെന്ന് വിശദീകരണം. ട്രോളിങ് ചട്ടങ്ങൾ നാടൻ വള്ളങ്ങൾക്കും പരമ്പരാഗത തൊഴിലാളികൾക്കും ബാധകമാക്കണം എന്ന് വ്യാഴാഴ്ച ഹൈകോടതി ഉത്തരവിട്ടിരുന്നു.
ട്രോൾ വല ഉപയോഗിച്ചുള്ള മത്സ്യബന്ധനരീതി നിരോധിച്ചത് കർശനമായി നടപ്പാക്കണമെന്ന് മാത്രമാണ് വിധിച്ചതെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മൂന്നുതരത്തിലുള്ള ട്രോൾ വലയാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്. കടലിെൻറ ഉപരിതലത്തിൽ, വെള്ളത്തിെൻറ മധ്യഭാഗത്ത്, അടിത്തട്ടിൽ എന്നിങ്ങനെയാണ് ഇൗ വ്യത്യസ്ത ട്രോൾ വലകൾ ഉപയോഗിക്കുന്നത്. ഇതിൽ ഉപരിതല, മധ്യഭാഗങ്ങളിൽ ഉപയോഗിക്കുന്ന ട്രോൾ വലകൾ 12 നോട്ടിക്കൽ മൈൽ വരുന്ന കേരള തീരക്കടലിൽ നേരത്തേതന്നെ പൂർണമായും നിരോധിച്ചിട്ടുണ്ട്.
ട്രോൾ വല ഉപയോഗിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആണെങ്കിൽ അതും തടയുക എന്നതാണ് ട്രോളിങ് നിരോധനംകൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഒഴുക്കുവല, സിങ് സീൽ എന്നീ വലകളാണ് ഉപയോഗിക്കുന്നത്. അതിനാൽ, അവർക്ക് ഹൈകോടതിയുടെ വിധി തിരിച്ചടിയല്ലെന്ന് വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വള്ളങ്ങളോ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മറ്റു യാനങ്ങളോ ഉപയോഗിക്കുന്നതിന് ട്രോളിങ് നിരോധനകാലത്ത് വിലക്കില്ല.
ബോട്ടുകൾ ഉപയോഗിക്കുന്നതിലും വിലക്കില്ലെങ്കിലും ട്രോൾ വലകൾ ആരെങ്കിലും രഹസ്യമായി ഉപയോഗിക്കുമോയെന്ന സംശയം നിലനിൽക്കുന്നതിനാൽ സമവായത്തിെൻറ അടിസ്ഥാനത്തിൽ അവ കടലിൽ ഇറക്കാറില്ല. നിലവിലെ സാഹചര്യത്തിൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം ഇത്തരം ചെറു നൗകകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിന് മൺസൂൺ കാലത്തും നിരോധനം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ, കോടതിവിധി പരമ്പരാഗത മേഖലക്ക് തിരിച്ചടിയാവില്ലെന്ന് സർക്കാർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.