ടി.പി. വധക്കേസ്: ഹൈക്കോടതി ഇളവില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ച മൂന്ന് പ്രതികളുടെ ശിക്ഷയിളവിന് നീക്കം

തിരുവനന്തപുരം: ടി.പി. ച​ന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ നീക്കം. 20 വർഷം വരെ ഇളവില്ലാതെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചവരെയാണ് മോചിപ്പിക്കാൻ ശ്രമിക്കുന്നത്. ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത് എന്നിവരു​ടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം നടത്തുന്നത്. ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായി.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും  ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ സൂചിപ്പിക്കുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരെ കുറിച്ചുള്ള റിപ്പോർട്ട് തേടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതിന് സംസ്ഥാനത്ത് മാർഗ​നിർദേശം നിലവിലുണ്ട്. ഇത് പരിഗണിച്ചാണ് ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നടക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക ജയിൽ ഉപദേശക സമിതി തയാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി. വധക്കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. തുടർച്ചയായി 20 വർഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്ന് ഹൈകോടതി വിധിച്ചവരാണ് മൂന്ന് പ്രതികളും.

അതിനിടെ, സർക്കാർ നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എ പ്രതികരിച്ചു. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലുവിലയാണ് കൽപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ടി.പി.വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പ്രതികൾ സർക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേസിൽ സർക്കാർ തുടക്കം മുതൽ പ്രതികൾക്കൊപ്പമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ശിക്ഷ 20 വർഷമായി വർധിപ്പിച്ചത്. ഈ മാസം ടി.പി. കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പരോളും അനുവദിച്ചിരുന്നു.

Tags:    
News Summary - Try to release TP Chandrasekharan murder case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.