കൊല്ലപ്പെട്ട ടി.ടി.ഇ വിനോദ് കലാകാരൻ; പുലിമുരുകൻ ഉൾപ്പെടെ 14 ചിത്രങ്ങളിൽ അഭിനയിച്ചു

കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ പകയിൽ ഓടുന്ന ട്രെയിനിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് കലാരംഗത്തും സജീവമായിരുന്നു. അഭിനേതാവായ ഇദ്ദേഹം പുലിമുരുകൻ, ​ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, അച്ഛാദിൻ, ജോസഫ് തുടങ്ങി 14 ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റർ ആയിരുന്നു ആദ്യ ചിത്രം. വിനോദ്‌ കണ്ണൻ എന്നാണ്‌ സിനിമ മേഖലയിൽ അറിയപ്പെട്ടിരുന്നത്‌.

എറണാകുളം വരാപ്പുഴ മഞ്ഞുമ്മൽ സ്വദേശി കെ. വിനോദ് (45) എറണാകുളം സൗത്ത് സ്റ്റേഷനിലെ ടി.ടി.ഇയാണ്. എറണാകുളം -പട്‌ന ട്രെയിൻ ചൊവ്വാഴ്ച വൈകീട്ട് 7.30ഓടെ തൃശൂർ വെളപ്പായയിലെത്തിയ​പ്പോഴാണ് ഇദ്ദേഹത്തെ ട്രെയിനിൽനിന്ന് തള്ളിയിട്ടത്. സംഭവത്തിൽ പ്രതി ഒഡിഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എസ് 11 കോച്ചിൽ ടിക്കറ്റ് പരി​ശോധന നടത്തവേ വാതിലിന് സമീപം നിന്ന രജനീകാന്തിനോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. റിസർവേഷൻ ടിക്കറ്റ് ഇല്ലെന്ന് കണ്ട് ചോദിച്ചപ്പോൾ പ്രകോപിതനായ രജനീകാന്ത് ചവിട്ടി തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ട്രാക്കിലേക്ക് തലയടിച്ച് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ​ട്രെയിൻ കയറിയിറങ്ങുകയും ചെയ്തു. മൃതദേഹം പാദം അറ്റ് ഛിന്നഭിന്നമായ നിലയിലായിരുന്നു. ട്രെയിനിൽ യാത്ര തുടർന്ന പ്രതിയെ കോച്ചിലെ യാത്രക്കാര്‍ വിവരം കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് വെച്ചാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുന്നംകുളത്ത് ഹോട്ടലിൽ തൊഴിലാളിയാണെന്നാണ് വിവരം. തൃശൂരിൽനിന്നാണ് കയറിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇയാൾ യാത്രക്കാരോടും മോശമായി പെരുമാറിയതായി പറയുന്നു.

രാത്രി 10 മണിയോടെ അറസ്റ്റ് നടപടി പൂർത്തിയാക്കി തൃശൂർ റെയിൽവേ പൊലീസിന് പ്രതിയെ കൈമാറി. പാലക്കാട് ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. സംഭവത്തെക്കുറിച്ച് ​കോച്ചിലെ യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഉയർന്ന ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി വിനോദിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്ന വിനോദ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു വർഷം മുമ്പാണ് ടി.ടി.ഇ കേഡറിലേക്ക് മാറിയത്. ഒന്നര മാസം മുമ്പ് ആണ് എറണാകുളത്ത് ചുമതലയേറ്റെടുത്തത്.

രണ്ടുമാസം മുമ്പാണ്‌ വിനോദും മാതാവ്​ ലളിതയും മഞ്ഞുമ്മൽ മൈത്രിനഗർ ലളിത നിവാസിൽ താമസം തുടങ്ങിയത്‌. പിതാവ്​: വേണുഗോപാലൻ നായർ. സഹോദരി: സന്ധ്യ. 

Tags:    
News Summary - TTE Vinod Acted in 14 films including Pulimurugan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.