ആലപ്പുഴ/കൊച്ചി: തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്ത 'ഓപറേഷന് താമര' കേസില്‍ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കൊച്ചി അമൃത ആശുപത്രി അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജഗ്ഗു സ്വാമിക്കും തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നൽകി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
കേരള പൊലീസിന്റെ വാഹനത്തിൽ തെലങ്കാന എസ്.ഐ.ടി ഇൻസ്പെക്ടർ വെങ്കട് അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ 11.30നാണ് തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയത്. തുഷാറിന്റെ അഭിഭാഷകൻ സിനിൽ മുണ്ടപ്പള്ളി നോട്ടീസ് കൈപ്പറ്റി. ജഗ്ഗുസ്വാമിക്ക് അമൃത ആശുപത്രിയിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ആശുപത്രി ഡയറക്ടറുടെ പി.എ നോട്ടീസ് കൈപ്പറ്റി. അന്വേഷണവുമായി സഹകരിക്കണമെന്ന തെലങ്കാന ഹൈകോടതിയുടെ ഉത്തരവുകൂടി പരിഗണിച്ചാണ് അന്വേഷണസംഘത്തിന്റെ നടപടി. നേരത്തേ എസ്.ഐ.ടി നൽകിയ നോട്ടീസ് അവഗണിച്ച തുഷാറും ജഗ്ഗുസ്വാമിയും അടക്കമുള്ള പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് നടപടി ഭയന്ന് ആഴ്ചകളായി ഇരുവരും മാറിനിൽക്കുകയാണ്. ഇത് രണ്ടാംതവണയാണ് തുഷാറിന്റെ വീട്ടിൽ തെലങ്കാന പൊലീസ് നേരിട്ടെത്തി നോട്ടീസ് നൽകുന്നത്. കഴിഞ്ഞ മാസം 16നും നൽകിയിരുന്നു. അന്ന് തുഷാർ സ്ഥലത്തില്ലാതിരുന്നതിനാൽ ഓഫിസ് ജീവനക്കാരന് നൽകിയാണ് മടങ്ങിയത്. പിന്നാലെ കഴിഞ്ഞമാസം 21ന് ചോദ്യം ചെയ്യലിന് ഹൈദരാബാദിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി. ഇത് ചോദ്യം ചെയ്ത തുഷാര്‍ തെലങ്കാന ഹൈകോടതിയെ സമീപിച്ചു. അറസ്റ്റ് താൽക്കാലികമായി തടഞ്ഞ കോടതി, അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റി ബി.ജെ.പിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ആരോപണത്തിലാണ് ചോദ്യം ചെയ്യുന്നത്.
ഒന്നാം പ്രതി രാമചന്ദ്ര ഭാരതിയടക്കം മൂന്ന് പ്രതികളുമായി തുഷാർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഡോ. ജഗ്ഗു മുഖേനയാണ് ഇവർ പരിചയത്തിലാകുന്നതും ചർച്ചക്ക് വഴിതെളിഞ്ഞതുമെന്നാണ് കേസ്.അതേസമയം, തെലങ്കാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് തുഷാറിന്റെ ആവശ്യം. തെലങ്കാന ഹൈകോടതി ഉത്തരവുള്ളതിനാൽ അന്വേഷണസംഘവുമായി തുഷാർ സഹകരിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.