കൊച്ചി: ആർ.എസ്.എസ്-ബി.ജെ.പി വിമർശനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മഹാത്മാ ഗാന്ധിയുടെ പൗത്രനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി. ഇന്ത്യയുടെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണ് ആർ.എസ്.എസ് എന്ന ആരോപണം വെള്ളിയാഴ്ചയും അദ്ദേഹം ആവർത്തിച്ചു. നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമക്കു മുമ്പിൽ ബി.ജെ.പി പ്രതിഷേധ പരിപാടി നടത്തുന്നു എന്നറിയുന്നതില്‍ തനിക്ക് അദ്ഭുതവും ഭയവും തോന്നുകയാണ്. പ്രതിഷേധിക്കുന്നവര്‍ ഗാന്ധിപ്രതിമയിലേക്ക് വെടിയുതിര്‍ക്കുമോ എന്നാണ് ഭയമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
ഇത്തരമൊരു കാര്യം കേരളത്തില്‍ നടക്കുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു. കാരണം, ജനങ്ങളുടെ അവകാശങ്ങള്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സംസ്ഥാനമാണ് കേരളം. എതിര്‍പക്ഷത്തെ ബഹുമാനിക്കുക എന്നത് മലയാളികളുടെ സംസ്‌കാരത്തിലുള്ള കാര്യമാണ്. നാം എല്ലാക്കാലവും എതിര്‍പക്ഷത്തോടൊപ്പം ചേര്‍ന്നുതന്നെയാണ് ജീവിച്ചത്. എതിര്‍പക്ഷത്തോട് എല്ലായ്‌പ്പോഴും നേര്‍ക്കുനേര്‍ നില്‍ക്കാറുണ്ടെങ്കിലും അവരെ ഒരിക്കലും നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത്, ആരെയെങ്കിലും അപമാനിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലാകുമ്പോള്‍ അതൊരു വലിയ ഭീഷണിയാണ്. കേരളത്തിന്റെ ആത്മാവിനെയും മലയാളിയുടെ ഓജസ്സിനെയും സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള വിഷമുള്ള മനുഷ്യരെ കേരളത്തില്‍നിന്ന് പുറത്താക്കണം. നമുക്ക് ഇപ്പോള്‍ ഒരു പൊതുശത്രുവുണ്ട് -സംഘ് (ആര്‍എസ്എസ്). നാം അന്യോന്യം കലഹിക്കുന്നതിന് മുന്‍പേ അതിനെതിരേ പോരാടിയേ മതിയാകൂവെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ തുഷാർ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ വ്യാഴാഴ്ച ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ രംഗത്തുവന്നിരുന്നു. രാജ്യത്തിന്റെ ആത്മാവിന് അർബുദം ബാധിച്ചിരിക്കുന്നുവെന്നും സംഘ്പരിവാറാണ് അർബുദം പടർത്തുന്നതെന്നുമാണ് തുഷാർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
അതേസമയം, തുഷാർ ഗാന്ധിയെ കൈയേറ്റംചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗാന്ധിയെ വധിച്ചവരുടെ മാനസികാവസ്ഥ കേരളത്തിൽ ചിലരിലെങ്കിലും നിലനിൽക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. സംഘ്പരിവാറിന്റെ പ്രവർത്തനങ്ങൾ മതനിരപേക്ഷതക്കെതിരെയുള്ള കടന്നാക്രമണമാണെന്ന യാഥാർഥ്യം ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ആർ.എസ്.എസിന്റെ വർഗീയ അജണ്ടയുടെ ഭാഗമായാണ് മഹാത്മാഗാന്ധി അടക്കമുള്ള ദേശീയ രാഷ്ട്രീയത്തിന്റെ പ്രമുഖനേതൃത്വം വേട്ടയാടപ്പെട്ടത്. അഭിപ്രായസ്വാതന്ത്ര്യം പോലും പാടില്ലെന്ന സംഘ്പരിവാർ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.