കൊച്ചി: ജയിച്ചില്ലെങ്കിലും ഇരുമുന്നണികളെയും വിറപ്പിച്ച് കിഴക്കമ്പലം കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് പരീക്ഷണമായ ട്വൻറി20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് അരങ്ങേറ്റം. കുന്നത്തുനാട് മണ്ഡലത്തിൽ 42,701 വോട്ട് പാർട്ടി സ്ഥാനാർഥി ഡോ. സുജിത് പി. സുരേന്ദ്രൻ നേടി. മണ്ഡലത്തിൽ ജയിക്കുമെന്ന് ഉറപ്പിച്ച് നടത്തിയ കാടിളക്കിയ പ്രചാരണത്തിനൊടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളിൽ കൂടുതൽ പാർട്ടി സ്വന്തമാക്കി.
പെരുമ്പാവൂർ, മൂവാറ്റുപുഴ, വൈപ്പിൻ, തൃക്കാക്കര, എറണാകുളം, കൊച്ചി, കോതമംഗലം എന്നിങ്ങനെ പാർട്ടി മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കാര്യമായി വോട്ട് പിടിച്ചു. കൊച്ചി, വൈപ്പിൻ, കുന്നത്തുനാട്, പെരുമ്പാവൂർ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ ബി.ജെ.പിയെ നാലാം സ്ഥാനത്തേക്ക് തള്ളി ട്വൻറി20 മൂന്നാമതെത്തി.
കുന്നത്തുനാട് മണ്ഡലത്തിൽ ഉൾപ്പെട്ട നാല് പഞ്ചായത്തുകളിലായി തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വൻറി20 നേടിയത് 39,164 വോട്ടാണ്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് എന്നിവയാണ് പഞ്ചായത്തുകൾ. ഇവ കൂടാതെ വാഴക്കുളം, പൂതൃക്ക, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിൽനിന്നും പാർട്ടി വോട്ട് പിടിച്ചു. എങ്കിലും വിജയത്തിലേക്ക് എത്താനാകാത്തത് 'തെരഞ്ഞെടുപ്പ് പഞ്ചായത്തിലേക്കല്ല, നിയമസഭയിലേക്കാണ്' എന്ന സന്ദേശം മണ്ഡലത്തിലെ ജനം ഉൾക്കൊണ്ടുവെന്നതിന് തെളിവായി.
പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ 20,536, തൃക്കാക്കരയിൽ ടെറി തോമസ് 13,897, കൊച്ചിയിൽ ഷൈനി ആൻറണി -19,676, കോതമംഗലത്ത് ജോ ജോസഫ് -7978, മൂവാറ്റുപുഴയിൽ സി.എൻ. പ്രകാശ് -13,535, വൈപ്പിനിൽ ജോബ് ചക്കാലക്കൽ -16,707, എറണാകുളം ലെസ്ലി പള്ളത്ത് -10,634 എന്നിങ്ങനെ വോട്ടുകൾ പിടിച്ചു.
അതേസമയം, കൊച്ചിയിൽ മത്സരിച്ച 'വീഫോർ കേരള' കാര്യമായ അനക്കമുണ്ടാക്കിയില്ല. പാർട്ടി നേതാവ് നിപുൺ ചെറിയാൻ 2122 വോട്ടാണ് നേടിയത്. എറണാകുളം മണ്ഡലത്തിൽ വീഫോറിെൻറ സുജിത് സി. സുകുമാർ 1042 വോട്ടും സ്വന്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ മത്സരിച്ച 'വീഫോർ കേരള' 10 ശതമാനം വോട്ട് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.